കാക്കനാട്: തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ ബഹളം. പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമമെന്നാരോപിച്ച് സെക്രട്ടറിയെ യു.ഡി.എഫ്. അംഗങ്ങൾ നടുത്തളത്തിലിറങ്ങി തടഞ്ഞുവച്ചു. ഇവരുടെ ബഹളം തുടരുന്നതിനിടെ തിടുക്കത്തിൽ അജൻഡ വായിച്ച് ചെയർപേഴ്‌സൺ യോഗം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച രണ്ടരയോടെ ചേർന്ന കൗൺസിൽ യോഗത്തിലാണ് നാടകീയ സംഭവങ്ങൾ. ഈ മാസം ആദ്യം ചെയർപേഴ്സനും കുടുംബവും ഔദ്യോഗിക വാഹനത്തിൽ പഴനിക്ക് പോയെന്നാണ് യു.ഡി.എഫ്. കൗൺസിലർമാരുടെ ആരോപണം. വിഷയത്തിൽ ചെയർപേഴ്‌സൺ മറുപടി നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. സെക്രട്ടറി ഇക്കാര്യത്തിൽ മറുപടി നൽകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. ഔദ്യോഗിക വാഹന ദുരുപയോഗം സംബന്ധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നൽകിയ പരാതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി മറുപടി നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് ആരോപിച്ച് അംഗങ്ങൾ ബഹളംവച്ചു.
ഇതിനെതിരേ ഭരണപക്ഷമായ എൽ.ഡി.എഫ്. അംഗങ്ങൾ രംഗത്തെത്തിയതോടെ യോഗം വാക്കേറ്റത്തിലേക്ക് നീങ്ങി. യോഗം ആരംഭിച്ച ഉടൻ യു.ഡി.എഫ്. അംഗം പി.എം. സലീമാണ് വിഷയം അവതരിപ്പിച്ചത്. കാറിൽ സ്ഥിരം ഡ്രൈവറെ ഒഴിവാക്കി താത്കാലിക ഡ്രൈവറുമായാണ് ചെയർപേഴ്സൺ പഴനിയാത്ര നടത്തിയതെന്ന് മറ്റ് അംഗങ്ങളും ചൂണ്ടിക്കാട്ടിയതോടെ ബഹളമായി. സംഭവത്തിൽ സെക്രട്ടറി മറുപടി നൽകിയെന്നും അജൻഡ വായിക്കാനും ഇടതുപക്ഷത്തെ കൗൺസിലർമാർ ആവശ്യപ്പെട്ടു. യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധവുമായി എഴുന്നേറ്റ് മുദ്രാവാക്യംവിളിച്ച് അധ്യക്ഷയുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബഹളം മുറുകിയപ്പോൾ ചെയർപേഴ്‌സൺ അജൻഡ പാസാക്കിയതായി അറിയിച്ച് യോഗം പിരിച്ചുവിടുകയായിരുന്നു.
ഇതിനിടെ ഇറങ്ങിപ്പോകാൻ ശ്രമിച്ച സെക്രട്ടറി പി.എസ്. ഷിബുവിനെ യു.ഡി.എഫ്. അംഗങ്ങൾ തടയുകയായിരുന്നു. ഒടുവിൽ സെക്രട്ടറി ഇവരെ അനുനയിപ്പിച്ച് വിട്ടു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നഗരസഭാ ഓഫീസ് കവാടത്തിന് മുന്നിൽനിന്ന് പ്രതിഷേധിച്ചു.
അതേസമയം, പഴനിയാത്രയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ പരാതി വ്യാജമാണെന്ന് ഷീല ചാരു പറഞ്ഞു. തന്റെ അസുഖബാധിതനായ സഹോദരനെ കാണുന്നതിനും പരിചരിക്കുന്നതിനും തൃശ്ശൂരുള്ള കുടുംബവീട്ടിലാണ് പോയതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.