കാക്കനാട്: ഡാൻസ് പരിശീലനത്തിനിടെ മൂന്നുനില കെട്ടിടത്തിന് മുകളിൽനിന്ന് രണ്ടാം നിലയിലേക്ക് വീണ്‌ കുടുങ്ങിയ വിദ്യാർഥിയെ തൃക്കാക്കര അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. രാജഗിരി എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിൽ പഠിക്കുന്ന ഹരികൃഷ്ണനാണ് (20) അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ സീപോർട്ട്-എയർപോർട്ട് റോഡിൽ ചിറ്റേത്തുകര ഇൻഫോപാർക്ക് കവാടത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു സംഭവം.

പരിശീലനത്തിനിടെ കൈയിലുണ്ടായിരുന്ന ബോൾ, അലുമിനീയം ഫാബ്രിക്കേഷൻ ചെയ്തിരുന്ന പാരപ്പറ്റിലേക്ക് വീണു. ബോൾ എടുക്കുന്ന സമയത്ത് വിദ്യാർഥി പാരപ്പറ്റ് തകർന്ന് താഴേക്ക് ഇറങ്ങാൻ പറ്റാതെ കുടുങ്ങുകയായിരുന്നു. വിദ്യാർഥികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തൃക്കാക്കര ഫയർഫോഴ്സ് ഏണി ഉപയോഗിച്ച് മുകളിലെത്തി, തൂങ്ങിക്കിടന്ന വിദ്യാർഥിയെ രക്ഷപ്പെടുത്തി. അസി. സ്റ്റേഷൻ ഓഫീസർ എൻ. ജിജി, ലീഡിങ് ഫയർമാൻ ജീവൻ ഐസക്, ഫയർമാൻമാരായ ഡിക്സൻ മാത്യു, ഒ.കെ. വേണു, ജിജികുമാർ, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.