കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിലെ മുഖ്യ കണ്ണിയായ ‘ടീച്ചർ’ എന്നറിയപ്പെടുന്ന സുസ്മിത ഫിലിപ്പിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം. സുസ്മിത മറ്റു പ്രതികൾക്ക് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. സുസ്മിതയുടെ അക്കൗണ്ട് വിശദമായി പരിശോധിച്ചാൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ.

മയക്കുമരുന്ന് വില്പന സംഘത്തിലെ ബുദ്ധികേന്ദ്രമാണ് സുസ്മിതയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവരാണ് സംഘത്തെ നയിച്ചിരുന്നത്. സുസ്മിത വഴി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും ഹോട്ടലുകൾ കേന്ദ്രീകരിച്ചും റേവ് പാർട്ടികൾ നടന്നിട്ടുണ്ട്. ഇതിനാൽത്തന്നെ ഇവരുടെ അക്കൗണ്ടിലേക്ക് പണം ഇട്ടവരെ കണ്ടെത്തിയാൽ പ്രധാന ഇടപാടുകാരെ തിരിച്ചറിയാൻ സാധിക്കും. സുസ്മിത പണം നൽകിയവരെ കണ്ടെത്താനായാൽ ഇവർ സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്ന ഏജന്റുമാരെയും കണ്ടെത്താനാകും.

ഇവർക്ക് സിനിമാ മേഖലയിലുള്ള ചിലരുമായി അടുത്ത ബന്ധമുള്ളതായും വിവരമുണ്ട്.

43 ദിവസം സ്വതന്ത്ര

സംശയമുണ്ടായിട്ടും സുസ്മിതയെ അറസ്റ്റ് ചെയ്യാൻ എക്സൈസ് ശ്രമിച്ചില്ല. കേസ് എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് സുസ്മിതയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്. സംഭവം നടന്ന് 43 ദിവസത്തിനു ശേഷമായിരുന്നു അറസ്റ്റ്.

കൊച്ചിയിൽ തന്നെയുണ്ടായിരുന്ന സുസ്മിതയ്ക്ക് കേസിന്റെ ഒാരോ നീക്കവും അറിയാനും ഇതനുസരിച്ച് മുൻകരുതലുകൾ എടുക്കാനും സമയം കിട്ടി. ഡിജിറ്റൽ തെളിവടക്കം ഇവർ നശിപ്പിച്ചതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

നായപ്രേമം ഗാങ്ങിലെത്തിച്ചു

ബി.എഡ്. പൂര്‍ത്തിയായ ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്തുവരികയായിരുന്നു സുസ്മിത. നായ്ക്കളോട് പണ്ടേ ഇഷ്ടമായിരുന്നു. വിലപിടിപ്പുള്ള വിദേശ ഇനം നായ്ക്കളെ വളര്‍ത്തുന്നതായിരുന്നു ഹോബി. ഇതുവഴിയാണ് പ്രതികളായ മുഹമ്മദ് ഫവാസിനെയും ഷബ്നയെയും ഇവര്‍ പരിചയപ്പെട്ടത്. പിന്നീടാണ് മയക്കുമരുന്ന് ഇടപാടുകളില്‍ പങ്കാളിയായത്. നായ്ക്കളെയടക്കം കാറില്‍ കൊണ്ടുപോയി കുടുംബമാണെന്ന് വരുത്തി തീര്‍ത്ത്, അതിന്റെ മറവില്‍ മയക്കുമരുന്ന് കടത്താമെന്ന ബുദ്ധിയും സുസ്മിതയുടേതായിരുന്നു.

സുസ്മിത താമസിക്കുന്ന കൂവപ്പടിയിലെ നാട്ടുകാര്‍ക്ക് ഇവരെ കുറിച്ച് കൂടുതല്‍ അറിയില്ല. ആരോടും ഇവര്‍ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഭര്‍ത്താവുമായി പിരിഞ്ഞ ഇവര്‍ കോട്ടയത്താണ് മുമ്പ് താമസിച്ചിരുന്നതെന്നു മാത്രമാണ് നാട്ടുകാര്‍ക്ക് അറിയാവുന്നത്.