കാഞ്ഞിരമറ്റം: സൂഫി സന്ന്യാസിവര്യൻ ശൈഖ് ഫരിദുദ്ദീൻ കബറടങ്ങിയിട്ടുള്ള കാഞ്ഞിരമറ്റം പള്ളിയിൽ അദ്ദേഹത്തിന്റെ ദീപ്തസ്മരണകൾ ഉണർത്തി ഭക്തിയും സാഹോദര്യവും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ ചൊവ്വാഴ്ച കൊടികുത്ത് ചന്ദനക്കുടം ഉറൂസ് നടന്നു. ജാതി-മത ഭേദമില്ലാതെ പതിനായിരങ്ങളാണ് ശൈഖ് ഫരിദുദ്ദീൻ ഔലിയാവിന്റെ കബറിടത്തിൽ കൊടികുത്ത് നേർച്ച നടത്തി മടങ്ങിയത്.
രാവിലെ കാഞ്ഞിരമറ്റത്തെ പുരാതന തറവാടുകളായ കലൂപ്പറമ്പിൽനിന്ന് താഴത്തെ പള്ളിയിലേക്കും ചൂണ്ടക്കാട്ടു നിന്ന് മലേപ്പള്ളിയിലേക്കും ആചാരപ്രകാരം കൊടിഘോഷയാത്ര പുറപ്പെട്ടു.
ഘോഷയാത്രകൾ പള്ളിയിലെത്തിയ ശേഷം ഒരു മണിയോടെ താഴത്തെ പള്ളിയിലെ പ്രസിദ്ധവും ചരിത്ര പ്രധാനവുമായ അരണമരത്തിൽ കൊടിയേറ്റി.
തുടർന്ന് മലേപ്പള്ളിയിലെ ആൽമരത്തിൽ ഒന്നരയ്ക്ക് കൊടിയേറ്റിയതോടെ കൊടികുത്ത്-ചന്ദനക്കുടം ഉറൂസിന്റെ പ്രധാന ചടങ്ങുകൾ ആരംഭിച്ചു.
കഴിഞ്ഞ നാലു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ശൈഖിന്റെ അനുഗ്രഹം തേടി പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
വൈകീട്ടോടെ വിവിധ പ്രാദേശിക മഹല്ലുകളിൽ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ ചന്ദനക്കുടം ഘോഷയാത്രകൾ ആരംഭിച്ചു. രാത്രി പത്തരയോടെ ചന്ദനക്കുടം ഘോഷയാത്രകൾ പള്ളിയിൽ എത്തി.
തുടർന്ന് ആനപ്പുറത്ത് ചന്ദനക്കുടമേറ്റി താഴത്തെ പള്ളിയിൽനിന്ന് മലേപ്പള്ളിയിലേക്ക് എഴുന്നള്ളത്ത് നടത്തി. തുടർന്ന് മാപ്പിളപ്പാട്ടിന്റെയും ദഫ് മുട്ടിന്റെയും കോൽക്കളിയുടെയും അന്തരീക്ഷത്തിൽ തഖ്ബീർ ധ്വനികൾക്കിടയിൽ ചന്ദനക്കുടം ഉറൂസ് നടന്നു.