കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഫ്ളക്സ് തയ്യാറാക്കുന്നതിനിടെയാണ് ജയപാലൻ ടി.വി.യിൽ ആ വാർത്ത കണ്ടത്. തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ടി.ഇ. 645465 എന്ന നമ്പർ ടിക്കറ്റിനാണ്. എവിടെയോ കണ്ടു പരിചയമുള്ള നമ്പറാണല്ലോ ഇതെന്ന്‌ ഓർത്തപ്പോൾ മനസ്സിലൊരു ‘ലഡു പൊട്ടി’. ആരോരുമറിയാതെ അലമാരയിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റുമായി വീണ്ടും ടി.വി.യുടെ മുന്നിലെത്തി അക്കങ്ങൾ വായിച്ചു. ടിക്കറ്റിലും ടി.വി. സ്‌ക്രീനിലും തെളിഞ്ഞുനിൽക്കുന്നത് ഒരേ നമ്പറാണെന്നു മനസ്സിലായപ്പോൾ ‘കിലുക്കം’ സിനിമയിലെ കിട്ടുണ്ണിയെപ്പോലെ മനസ്സിൽ പറഞ്ഞു, ‘അടിച്ചു മോനേ!’

കോടിപതിയായി മാറിയെന്നറിഞ്ഞ ആ രാത്രിയും പിറ്റേ പകലും ജയപാലൻ പിന്നിട്ടത് പക്ഷേ ഒരുപാടു വികാരങ്ങൾ നെഞ്ചിലൊളിപ്പിച്ചാണ്. തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയ മരട് പൂപ്പനപ്പറമ്പിൽ ജയപാലന് ഇപ്പോഴും അതിനെക്കുറിച്ച് ഓർക്കുമ്പോൾ അദ്‌ഭുതമാണ്.

ഉറങ്ങാത്ത രാത്രിയും ആലോചനകളും

കോടീശ്വരനായ വിവരം അറിയുന്ന നേരത്ത് വീട്ടിൽ അമ്മ ലക്ഷ്മി മാത്രമേയുണ്ടായിരുന്നുള്ളൂ. ഭാര്യ മണിക്കും മകൻ വൈശാഖിനും അന്ന്‌ നൈറ്റ് ഡ്യൂട്ടിയായിരുന്നു. ഇളയ മകൻ വിഷ്ണു കോഴിക്കോട് പഠിക്കുന്ന സ്ഥലത്തായിരുന്നു. “പന്ത്രണ്ടു കോടി അടിച്ചത് എനിക്കാണെന്ന്‌ അറിഞ്ഞപ്പോൾ അല്പനേരത്തേക്ക്‌ എന്താണ് ചെയ്യേണ്ടതെന്നറിയില്ലായിരുന്നു. അമ്മയോട്‌ ലോട്ടറി അടിച്ചെന്നു പറഞ്ഞെങ്കിലും തുക എത്രയാണെന്നു പറഞ്ഞില്ല. രാത്രി വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നെങ്കിലും ഉറക്കം വന്നില്ല. നാളെ ടിക്കറ്റുമായി എവിടെ പോകണം, ആരെയാണ് കൂടെ കൂട്ടേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ ആലോചിച്ചു കിടന്നു. ഇടയ്ക്ക് എഴുന്നേറ്റു വന്ന് ടിക്കറ്റ് അലമാരയിൽ ഭദ്രമായി ഇരിക്കുന്നുണ്ടെന്ന്‌ ഉറപ്പിച്ചു. പുലരുവോളം ഉറങ്ങാതെ കിടന്നു. ആ രാത്രി ജീവിതത്തിലൊരിക്കലും മറക്കില്ല” - ജയപാലൻ പറഞ്ഞു.

പത്രം നോക്കി ഉറപ്പിക്കൽ

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ജയപാലൻ ഒരാളെ കാത്തിരിക്കുകയായിരുന്നു, ‘മാതൃഭൂമി’ പത്രം. ‘മാതൃഭൂമി’ വന്ന ഉടനെ ലോട്ടറി ഫലം ഒത്തുനോക്കിയതോടെ ബമ്പർ അടിച്ചെന്നു വീണ്ടും ഉറപ്പിച്ചു. രാവിലെ ജോലി കഴിഞ്ഞെത്തിയ ഭാര്യയെയും മോനെയും ലോട്ടറി അടിച്ച കാര്യം വിശ്വസിപ്പിക്കാൻ പത്രംതന്നെ കാണിക്കേണ്ടി വന്നു. റവന്യൂ വകുപ്പിൽ ജോലി ചെയ്തിരുന്ന മരുമകളുടെ അച്ഛനെ കൂട്ടിയാണ് ബാങ്കിൽ പോയത്. ബാങ്കിലുള്ളവരും ആദ്യം വിശ്വസിച്ചില്ല. പിന്നെ ടിക്കറ്റ് കാണിച്ച് മറ്റു രേഖകളും ഹാജരാക്കി രസീത് വാങ്ങിച്ചു. ‌

ജയപാലൻ ഇനിയെന്തു ചെയ്യും

കോടീശ്വരനായ വിവരം അറിഞ്ഞതു മുതൽ ബാങ്കുകാർ മുതൽ സഹായാഭ്യർത്ഥനക്കാർ വരെയായി ഒരുപാടുപേർ തേടിയെത്തുന്നുണ്ടെന്ന് ജയപാലൻ പറഞ്ഞു. പക്ഷേ ഇനിയുള്ള ജീവിതത്തെക്കുറിച്ച് ജയപാലന് വ്യക്തമായ ലക്ഷ്യമുണ്ട്. “കടുത്ത ദാരിദ്ര്യത്തിൽ വളർന്ന ഒരാളാണ് ഞാൻ. ജപ്തിഭീഷണി നേരിട്ട എന്റെ വീടിനും ഓട്ടോറിക്ഷയ്ക്കും ഒക്കെ ഇപ്പോഴും കടമുണ്ട്. കടങ്ങളെല്ലാം വീട്ടണം. കിട്ടുന്ന തുകയിൽനിന്ന്‌ ഒരു പങ്ക് സഹോദരങ്ങൾക്കും ബന്ധുക്കളിലെ നിർധനർക്കും നൽകണം”. സംസാരം നിർത്തുമ്പോൾ ഒരു കാര്യം കൂടി ജയപാലൻ പറഞ്ഞു: “എന്നും വീടിനടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ. കിട്ടുന്ന തുകയിൽ നിന്ന്‌ ഒരു പങ്ക് ഭഗവാനും നൽകണം”.