കോതമംഗലം: ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലത്ത് താലൂക്ക് ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ജനജാഗ്രതാ റാലിയും ജാഗ്രതാസദസ്സും നടത്തി. കോതമംഗലം മുനിസിപ്പൽ ഓഫീസ് പരിസരത്ത് നടന്ന ജനജാഗ്രതാ സദസ്സ് മുസ്ലീം ജാഗരൺ മഞ്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെരീഫ് ചേർത്തല ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ എല്ലാവർക്കും പൗരത്വം നൽകാനുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വം നിഷേധിക്കാനുള്ളതാണ് നിയമമെന്ന് ഇടതു-വലതു കക്ഷികൾ കുപ്രചാരണം നടത്തി ഇന്ത്യൻ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ഷെരീഫ് വ്യക്തമാക്കി.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപീഠനം ഏറ്റുവരുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വവും സംരക്ഷണവും നൽകണമെന്ന് മഹാത്മജിയും നെഹ്രുവും മുതൽ മൻമോഹൻ സിങ് വരെയുള്ളവരും സി.പി.എം. പന്ത്രണ്ടാം പാർട്ടി കോൺഗ്രസും ആവശ്യപ്പെട്ടതാണ് പൗരത്വ ഭേദഗതി നിയമമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. റാലി കടന്നുപോയപ്പോൾ കോതമംഗലത്തെ ഒരു വിഭാഗം ആളുകളുടെ പ്രേരണയിൽ കടകൾ അടച്ച സംഭവം നിർഭാഗ്യകരമാണെന്ന് യോഗം വിലയിരുത്തി.

ജനജാഗരൺ സമിതി താലൂക്ക് കൺവീനർ വി.എം. മണി അധ്യക്ഷനായി. റവ. ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോർഎപ്പിസ്‌കോപ്പ, ആർ.എസ്.എസ്. താലൂക്ക് സംഘചാലക് ഇ.വി. നാരായണൻ എന്നിവർ സംസാരിച്ചു. ഇ.ടി. നടരാജൻ സ്വാഗതവും പി.ആർ. സിജു നന്ദിയും പറഞ്ഞു.

Content Highlights: Protest against take over of church