കാക്കനാട് : മകളെ കൊലപ്പെടുത്തിയ കേസിൽ സനു മോഹൻ ബുദ്ധിമാനായ സൈക്കോ, സമർഥനായ കുറ്റവാളി. ഇതിൽ ആരാണെന്ന് കണ്ടെത്താനുള്ള യത്നത്തിലാണ് അന്വേഷണ സംഘം. കടബാധ്യതകൾ കാരണം മകളെ കൊല്ലേണ്ടി വന്നെന്നും പല തവണ ആത്മഹത്യക്ക്‌ ശ്രമിച്ചെന്നുമുള്ള സനുവിന്റെ വാദങ്ങൾ ശരിവെക്കുന്ന ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. മകൾ വൈഗയെ കൊല്ലാൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒളിവിൽ പോയ സനു മൂന്നു തവണ ആത്മഹത്യക്ക്‌ ശ്രമിച്ചെന്നായിരുന്നു മൊഴി കൊടുത്തിരുന്നത്. ഇതൊക്കെ കെട്ടുകഥകളാണെന്ന് പോലീസിന് വ്യക്തമായി.

മകളെ കൊന്ന് ഗോവയിലും കോയമ്പത്തൂരിലും െബംഗളൂരുവിലും പോയി ഉല്ലസിക്കുകയായിരുന്നു ഇയാൾ. സനുവിന്റെ മാനസിക നില പരിശോധിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. അതേസമയം കേസിൽ നിർണായക വിവരങ്ങൾ നൽകാനാവുന്ന സനു മോഹന്റെ ഭാര്യ രമ്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സനു മോഹനെതിരേയുള്ള സാമ്പത്തിക തട്ടിപ്പു കേസുകളിൽ അന്വേഷണം ഊർജിതമാക്കുമെന്ന് കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോങ്‌റെ പറഞ്ഞു. മഹാരാഷ്ട്ര പോലീസുമായി സഹകരിച്ചാണ് അന്വേഷണം നടത്തുക. 2017-ലാണ് മഹാരാഷ്ട്ര പോലീസ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.

തെളിവെടുപ്പ് പൂർത്തിയാകുന്നു, ഇന്ന് കൊച്ചിയിൽ മടങ്ങിയെത്തും

കാക്കനാട് : സനു മോഹനുമായുള്ള കേരളത്തിനു പുറത്തെ തെളിവെടുപ്പ് പൂർത്തിയാക്കി തിങ്കളാഴ്ച തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊച്ചിയിലെത്തും. സനുവിനെ പിടികൂടിയ കാർവാർ ബീച്ചിൽ ഞായറാഴ്ച തെളിവെടുപ്പ് നടത്തി. മുരുഡേശ്വറിലും സമീപ പ്രദേശങ്ങളിലുമെത്തി തെളിവ് ശേഖരിച്ച ശേഷം ഞായറാഴ്ച രാത്രിയോടെ പ്രതിയെ കൊല്ലൂരിലെത്തിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ജീവനക്കാരെല്ലാം ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച മൂകാംബിയിലും ഇതിനു സമീപത്തുള്ള ബീന റെസിഡൻസി ഹോട്ടലിലും തെളിവെടുപ്പ് നടത്തും. മടങ്ങിയെത്തിയ ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.