കൊച്ചി: കാൻസറിനൊന്നും ഒന്നും ചെയ്യാനാകില്ലെന്ന് കരുതിത്തന്നെ ജീവിക്കണം. ഭയമല്ല ജീവിക്കാനുള്ള ആർജവമാണ് വേണ്ടതെന്ന് ഓർമിപ്പിച്ച് ഇന്നസെന്റ്. ലിസി ആശുപത്രിയിൽ കാൻസർ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നിനൊപ്പം ആത്മവിശ്വാസം ധാരാളം വേണം. ഒപ്പം തെറ്റായ വഴികൾ കാട്ടുന്നവരെ തിരിച്ചറിഞ്ഞ് വഴിമാറാൻ സാധിക്കണമെന്നും ചിരി മുതൽക്കൂട്ടാണെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.

ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാൻസർ ദിനാചരണത്തിന്റെ ഈ വർഷത്തെ പ്രമേയമായ ’ഐ ആം, ഐ വിൽ’ ഓങ്കോളജി വിഭാഗം മേധാവി ഡോ. ജയ്ശങ്കർ അവതരിപ്പിച്ചു. സർജിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സന്ദീപ് സുരേഷ് ‘പുകവലിയും കാൻസറും’ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. കെ.സി.ബി.സി.യുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ-ടാക്സി ഡ്രൈവർമാരുടെ സംഘടനയായ

’സാരഥി’ അംഗങ്ങൾക്ക് സന്നദ്ധപ്രവർത്തകർക്കുള്ള പ്രതിജ്ഞാവാചകം ഫാ. ജെറി ഞാളിയത്ത് ചൊല്ലിക്കൊടുത്തു. കാരിത്താസ് ഇന്ത്യ മാനേജർ ശോഭ ജോസ്, എലിസബത്ത് മധു, സാന്ദ്ര മരിയ തുടങ്ങിയവർ സംസാരിച്ചു. രണ്ടാം വർഷ ബി.എസ്‌സി. നഴ്‌സിങ്‌ വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിച്ചു.