കൊച്ചി: ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിലെ തൊഴിൽനഷ്ടം മൂലമുള്ള സാമ്പത്തികനഷ്ടം നികത്താൻ പണംവെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന അഞ്ചംഗ സംഘം കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിൽ. പലിശയ്ക്ക് പണമെടുത്ത് ചീട്ട് കളിച്ചിരുന്ന കടവന്ത്ര സ്വദേശികളായ രാധാകൃഷ്ണൻ (53), സുനിൽകുമാർ (42), നിഖിൽ (28), ഉദയാ കോളനി സ്വദേശി സുദീഷ് (36), പൊന്നുരുന്നി സ്വദേശി സതീശൻ (44) എന്നിവരെയാണ് ഷാഡോ എസ്.ഐ. എ.ബി. വിബിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം പിടികൂടിയത്.

പിടിയിലായവരെ ചോദ്യംചെയ്ത പോലീസ് സംഘത്തിന് കേൾക്കാനായത് തികച്ചും വ്യത്യസ്തമായ കഥ. ഹർത്താലുകളും പണിമുടക്കും കാരണം തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടു. ഇതുമൂലമുള്ള സാമ്പത്തികനഷ്ടത്തിന്റെ കഥകളാണ് ഇവർ പോലീസിനോട് പങ്കുവെച്ചത്. തൊഴിൽനഷ്ടം മൂലമുള്ള സാമ്പത്തികനഷ്ടം നികത്താനായിരുന്നു ദിവസക്കൂലിക്കാരായ ഇവരെല്ലാം പലിശയ്ക്ക് പണമെടുത്ത് ചീട്ടുകളികളിച്ചത്.

ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിൽ നടത്തപ്പെടുന്ന ഇത്തരം ചീട്ടുകളിക്ക് ആവശ്യമായ പണം പലിശയ്ക്ക് നൽകുന്ന സംഘവും ഇവർക്കിടയിൽ സജീവമായിരുന്നു. ഇവരുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പിടിയിലായവരിൽ നിന്ന്‌ 31,000 രൂപയും ചീട്ടുകളും കണ്ടെടുത്തു.

ചെട്ടിച്ചിറ ബിവറേജസിനു സമീപത്തുള്ള രഹസ്യ താവളത്തിൽ നിന്നുമാണ് ഇവരെ ഷാഡോ പോലീസ് പിടികൂടിയത്. സിറ്റി പോലീസ് കമ്മിഷണർ എം.പി. ദിനേശിന് പരിസരവാസികൾ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ഷാഡോസംഘം നടത്തിയ തിരച്ചിലിലാണ് സംഘം വലയിലായത്. പിടിയിലായവർ മുന്പ് കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവർ അല്ലെന്നും തികച്ചും സാമ്പത്തിക ബുദ്ധിമുട്ടേയറിയ ജീവിതാവസ്ഥയിൽ ഉള്ളവരുമാണെന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി. ബിജി ജോർജ് പറഞ്ഞു. പിടിയിലായവരെ കടവന്ത്ര പോലീസിന് കൈമാറി.

content highlights: Illegal card play to make up the loss of general strike and hartal, Five arrested in Kochi