കെ. കസ്തൂരിരംഗൻ
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എന്‍ജിനീയേഴ്സ് (ഐ ട്രിപ്പിള്‍ ഇ) കേരളഘടകത്തിന്റെ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങ് കൊയിലോണ്‍ ബീച്ച് ഹോട്ടല്‍ ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടന്നു.
2022-ലെ ഐ ട്രിപ്പിള്‍ ഇ കെ.പി.പി. നമ്പ്യാര്‍ പുരസ്കാരം പത്മവിഭൂഷണ്‍ ഡോ.കെ. കസ്തൂരിരംഗന്‍ സമ്മാനിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയര്മാന്, ബഹിരാകാശ വകുപ്പിന്റെ സെക്രട്ടറി എന്നീ നിലകളില്‍ ഒന്‍പത് വര്‍ഷത്തിലേറെ ഇന്ത്യന്‍ ബഹിരാകാശ പരിപാടികളെ നയിച്ചതിനും നല്കിയ സംഭാവനകള്‍ക്കുള്ള ആദരവുമായാണ് അവാര്‍ഡ്.
ഐ ട്രിപ്പിള്‍ ഇ കേരള വിഭാഗം ചെയര്‍ പ്രൊഫ. മുഹമ്മദ് കാസിം, മുന്‍ ചെയര്‍ ഡോ. മിനി ഉലനാട്ട്, ഐ.ഇ.ഇ.ഇ. ഇന്ത്യ കൗണ്‍സില്‍ മുന്‍ ചെയര്‍ ഡോ. സുരേഷ് നായര്‍, അവാര്‍ഡ് കമ്മിറ്റി ചെയര്‍ ഡോ. സമീര്‍ എസ്.എം., ഡോ. ബിജോയ് എ. ജോസ്, ഡോ. ഗിലേഷ് എം.പി., ഡോ.കെ ബിജു, നന്ദന് എസ്. എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിച്ചു.
ഐ.എസ്.ആര്.ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എന്ന നിലയില്‍, ബഹിരാകാശ പേടകങ്ങളായ ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് (ഇന്‍സാറ്റ്-2), ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റുകള്‍ (IRS1A, 1B), നിരവധി ശാസ്ത്ര ഉപഗ്രഹങ്ങള്‍ എന്നിവയുടെ വികസനത്തിന് അദ്ദേഹം നേതൃത്വം നല്കി. ഐ.എസ്.ആര്.ഒ. ചെയര്‍മാനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പി.എസ്.എല്‍.വി) വിക്ഷേപണവും ജിയോസിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (ജി.എസ്.എല്‍.വി) ആദ്യത്തെ വിജയകരമായ പരീക്ഷണവും ഉള്‍പ്പെടെ നിരവധി പ്രധാന നാഴികക്കല്ലുകള്‍ രാജ്യം കൈവരിച്ചു.
ഇലക്ട്രോണിക് വ്യവസായ പ്രമുഖന് പത്മഭൂഷണ്‍ കെ.പി.പി. നമ്പ്യാര്‍ ഐ ട്രിപ്പിള്‍ ഇയുടെ സ്ഥാപക അധ്യക്ഷനായിരുന്നു. മനുഷ്യ പുരോഗതിക്കായി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള അംഗീകാരമായാണ് ഐ ട്രിപ്പിള്‍ ഇ കെ.പി.പി. നമ്പ്യാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഡോ. സുരേഷ് നായര്‍ പറഞ്ഞു.
ആദ്യ അമര്‍നാഥ് രാജ ഹ്യൂമാനിറ്റേറിയന്‍ ടെക്നോളജി അവാര്‍ഡ് ഡോ. ബിന്ദിമയും അഭിനവും നേതൃത്വം നല്കിയ സൈറ്റ് ടീമിന് നല്കി. വയനാട്ടിലെ ബാവേലിയില് ആദിവാസി കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ പമ്പ് സംഘം സ്ഥാപിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഐ ട്രിപ്പിള്‍ ഇ കേരള വിഭാഗവും ഇന്ആപ്പും സംയുക്തമായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച് സാമൂഹ്യ നന്മയ്ക്കായി നടത്തുന്ന പ്രവര്‍ത്തനത്തിന് വാര്‍ഷികാടിസ്ഥാനത്തില്‍ ഈ അവാര്‍ഡ് നല്‍കുമെന്ന് ഇന്‍ആപ്പ് സി.ഇ.ഒ. വിജയകുമാര്‍ പറഞ്ഞു.
ഐ ട്രിപ്പിള്‍ ഇയുടെ മറ്റ് അവാര്‍ഡുകളും ജേതാക്കളും: മികച്ച വ്യവസായ സംഭാവനയ്ക്കുള്ള അവാര്‍ഡ് - ആര്.കെ. ഷേണായി, മികച്ച വനിതാ എന്‍ജിനീയര്‍ - ഡോ. എസ്. ഗീത, മികച്ച അധ്യാപക അവാര്‍ഡ്: പ്രൊഫ. രേഖാ ജെയിംസ്, ഫ്രണ്ട് ഓഫ് ഐ ട്രിപ്പിള്‍ ഇ. - ശ്രീകുമാര്‍ (ടാറ്റ എലക്സി), മികച്ച സ്റ്റാര്‍ട്ട് അപ്പ് അവാര്‍ഡ് -ഐറോവ്, അക്കാദമിയ സംഭാവനകള്‍ക്കുള്ള പ്രത്യേക പുരസ്കാരം- കെ.പി.പി. പിള്ള. മികച്ച വൊളന്റിയര്‍ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
Content Highlights: i triple e kerala kpp nambiar award k kasturirangan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..