കൊച്ചി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച ഉത്തരവ് കോവിഡിൽ മുങ്ങിയതോടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ വൻ വർധന. മീൻ മാർക്കറ്റുകളിലും പച്ചക്കറിക്കടകളിലുമൊക്കെ നിരോധിച്ച പ്ലാസ്റ്റിക് ഇപ്പോഴും തുടരുകയാണ്.

പ്ലാസ്റ്റിക്കിന് പകരമായി തുണി, കടലാസ് ബാഗുകൾ തുടങ്ങിയവ വിപണയിലുണ്ടെങ്കിലും വില കൂടുതലായതിനാൽ മിക്കവരും ഇപ്പോഴും പ്ലാസ്റ്റിക്‌ തന്നെ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്കിനുള്ള ബദലുകൾക്കായി ആരംഭിച്ച ചില സ്ഥാപനങ്ങൾ കോവിഡ്കാലത്ത് പൂട്ടിയതും തിരിച്ചടിയായി. പ്ലാസ്റ്റിക്കിന്‌ പകരമെത്തിച്ച ‘നോൺ വവൺ’ കാരിബാഗുകൾ കാഴ്ചയിൽ തുണിപോലെ തോന്നുമെങ്കിലും അതും പ്ലാസ്റ്റിക്‌ തന്നെയാണ്. മണ്ണിൽ അലിഞ്ഞുചേരില്ല.

2020 ജനുവരി ഒന്നു മുതലാണ് പ്ലാസ്റ്റിക് കാരി ബാഗുകളടക്കമുള്ളവ നിരോധിച്ചത്. ആദ്യനാളുകളിൽ പരിശോധന കർശനമായതോടെ ഈ ഉത്‌പന്നങ്ങൾ മാർക്കറ്റുകളിൽ നിന്ന് പതിയെ പിൻവലിഞ്ഞു. എന്നാൽ, കോവിഡിന്റെ വരവോടെ പരിശോധന നിന്നു. കോവിഡ് പ്രതിരോധ വസ്തുക്കളായി പ്ലാസ്റ്റിക്‌ വളരെ കൂടി. ആശുപത്രി മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻപോലും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കേണ്ടതായും വന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ അടുത്ത ജൂലായ് ഒന്നു മുതൽ രാജ്യത്ത് പൂർണമായും നിരോധിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന്‌ മുന്നോടിയായി ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. രണ്ടാംഘട്ടമായി ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകളും രാജ്യത്ത് നിരോധിക്കും. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകൾ, 60 ഗ്രാം പെർ സ്ക്വയർ മീറ്ററിൽ കുറഞ്ഞ നോൺ വവൺ ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവയാണ് നിലവിൽ നിരോധിച്ചിട്ടുള്ളത്.

നിയമം ലംഘിച്ചാൽ 10,000 രൂപയാണ് പിഴയീടാക്കുക. രണ്ടാം തവണയും ആവർത്തിച്ചാൽ 25,000 രൂപയും അടുത്ത തവണ 50,000 രൂപയും പിഴയടയ്ക്കേണ്ടി വരും.