മുളന്തുരുത്തി: വർഷങ്ങളായി അർബുദ ചികിത്സയിൽ കഴിയുന്ന സുരേഷിന് ആധി തന്റെ രണ്ടു മക്കൾക്ക്‌ സുരക്ഷിതമായി കഴിയാൻ കൂരയില്ലെന്നതാണ്. സുരേഷിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാവുകയാണ്.

അർബുദ ബാധയെത്തുടർന്ന് 5 ഓപ്പറേഷനും 15 കീമോയ്ക്കും വിധേയനായ സുരേഷിന് വേദന ഇപ്പോൾ നിത്യാനുഭവമാണ്. സുരേഷിനെ സഹായിക്കാനായി രൂപവത്‌കരിച്ച സമിതിയുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹായത്തിലാണ് സുരേഷ് ഇന്ന് ജീവിതം മുന്നോട്ടുനീക്കുന്നത്.

മുളന്തുരുത്തി പെരുമ്പിള്ളിയിൽ പ്രവാസി വ്യവസായിയുടെ കാരുണ്യത്തിൽ സുരേഷിന് വീടുവയ്ക്കാൻ മൂന്നര സെന്റ്‌ സ്ഥലം ലഭിച്ചിരുന്നു. സഹായസമിതിയുടെ അക്കൗണ്ടിൽ സന്മനസ്സുകൾ നിക്ഷേപിച്ച പണമുപയോഗിച്ച് ഈ സ്ഥലത്ത് വീടു നിർമാണത്തിന് തുടക്കംകുറിക്കുകയാണ് സമിതി.

കുറച്ച് പണമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളതെങ്കിലും ഒരു ചെറുവീടിനുള്ള പണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സഹായസമിതി മുന്നോട്ടു പോകുന്നത്.

സുരേഷിനായി നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ ചിന്മയ അന്തർദേശീയ കേന്ദ്രം ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി നിർവഹിച്ചു. സുരേഷിന്റെ ചികിത്സാ സഹായത്തിനും വീട് നിർമാണത്തിനുമായി സി.പി.എം. ലോക്കൽ സെക്രട്ടറി പി.എൻ. പുരുഷോത്തമൻ ചെയർമാനും ബി.ജെ.പി.യിലെ പി.വി. ദുർഗാപ്രസാദ് കൺവീനറും കോൺഗ്രസ് ഗ്രാമപ്പഞ്ചായത്തംഗം രതീഷ് കെ. ദിവാകരൻ ട്രഷററുമായ സമിതിയുടെ നേതൃത്വത്തിലാണ് വീട് നിർമിക്കുന്നത്.

ആറുലക്ഷം രൂപ ആകെ ചെലവ് വരുന്ന 450 സ്ക്വയർ ഫീറ്റ് വീടാണ് സുരേഷിനുവേണ്ടി നിർമിക്കുന്നത്. കോൺഗ്രസ് ഗ്രാമപ്പഞ്ചായത്തംഗം രതീഷ് കെ. ദിവാകരൻ, സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എൻ. പുരുഷോത്തമൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച്. ശൈലേഷ്‌കുമാർ, കർഷക മോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.വി. ദുർഗാപ്രസാദ്, സിന്ധു ഹരീഷ്, മനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.