അരൂർ: അരൂരിലെ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറാം എന്നു വിചാരിച്ചാൽ അത് അത്ര എളുപ്പമല്ല. കാരണം ആദ്യം സൂസിയെ മറികടക്കണം. പോലീസല്ലെങ്കിലും നാളുകളായി ഇവൾ ഇവിടത്തെ കാവലാണ്. രാത്രിമുഴുവൻ ഇവൾ സ്റ്റേഷൻ കവാടത്തിലുണ്ടാകും. പകൽ ഉദ്യോഗസ്ഥരുടെ സ്നേഹമേറ്റ്‌ സ്റ്റേഷൻ പരിസരത്തും.

2015-ലാണ് അരൂർ പോലീസ് സ്റ്റേഷൻ മുക്കത്തു നിന്ന്‌ ചന്തിരൂരിലെ വാടകക്കെട്ടിടത്തിലേക്കു മാറിയത്. അന്നുമുതൽ സൂസി ഇവിടെയുണ്ട്. പെെട്ടന്നുതന്നെ ഇവൾ എല്ലാവരുമായി ചങ്ങാത്തത്തിലായി. 40 ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഇപ്പോൾ കണക്കിലില്ലെങ്കിലും സൂസിയും ഇവർക്കൊപ്പമുണ്ട്. ഉദ്യോഗസ്ഥർ സൂസിക്ക്‌ പലപ്പോഴും ആഹാരം വാങ്ങി നൽകാറുണ്ട്.

എ.എസ്.ഐ. കെ. ബഷീർ ഇവിടെയെത്തിയതോടെയാണ് സൂസിയും താരമായത്. ദിവസവും രാവിലെ സൂസിക്കുള്ള ബോണ്ട, ക്രീം ബൺ, അല്ലെങ്കിൽ ബ്രഡ് പൊരിച്ചത് എന്നിവയിലേതെങ്കിലും നിർബന്ധമായി. ഇത് കിട്ടിയാൽ സ്റ്റേഷന്റെ പൂമുഖത്തുതന്നെ പ്രത്യേക രീതിയിൽ കിടന്നാണ് കഴിക്കുക.

ഫെയ്‌സ്ബുക്കിലും താരം

സ്റ്റേഷനിലെ ഈ കാഴ്ച കേരള പോലീസ് ഫെയ്‌സ്ബുക്കിൽ ഇട്ടു. അഞ്ച് ദിവസം കൊണ്ട് രണ്ടര ലക്ഷത്തോളം ആളുകളാണ് ഇത് കണ്ടത്. സൂസിക്കും ഇപ്പോൾ െപ്രാമോഷനായെന്ന് ഉദ്യോഗസ്ഥർ. കാരണം പകൽ സമയത്തെ വിശ്രമം സ്റ്റേഷൻ വളപ്പിൽനിന്ന് കെട്ടിടത്തിന്റെ ഒന്നാം നിലയിലായി. ഭക്ഷണവുമായെത്തുന്ന ഉദ്യോഗസ്ഥർ, സൂസി... എന്ന് നീട്ടിവിളിക്കുമ്പോൾ പടികളിറങ്ങി വരും.

ബേക്കറിയിൽ സൂസിക്കും പറ്റ്

കടകളിൽ പറ്റ് ബുക്കുള്ളതുപോലെ സ്റ്റേഷനു സമീപത്തെ അഷറഫിന്റെ ബേക്കറിയിൽ സൂസിക്കുമുണ്ട് പറ്റ് ബുക്ക്. എ.എസ്.ഐ. ബഷീറിന് കോവിഡ് ബാധിച്ചപ്പോൾ സൂസി പട്ടിണിയാകാതിരിക്കാൻ തുടങ്ങിയതാണത്.

Content Highlights: Guard Dog Susy at Aroor Police Station