ഏലൂർ: മകന്റെ കൂട്ടുകാരനാണെന്നു പറഞ്ഞ് അടുത്തു കൂടിയ യുവാവ് മുപ്പത്തടം കണ്ടമംഗലത്ത് കളരിപ്പറമ്പ് ഐഷ (72) യുടെ മൂന്നരപ്പവന്റെ മാല യുവാവ് തട്ടിയെടുത്തു. ഏലൂർ ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ.സി. ആശുപത്രിയിൽ ഡോക്ടറെ കണ്ട് മരുന്നു വാങ്ങി പോവുകയായിരുന്നു ഐഷ. ആശുപത്രിയിൽ വച്ച് അടുത്തുകൂടിയ യുവാവ് വീട്ടിലെ വിശേഷങ്ങൾ തിരക്കി. ഉമ്മ എന്നെ അറിയില്ലേ... ഞാൻ ഉമ്മാടെ വീടിനടുത്ത് താമസിക്കുന്ന ഹംസയുടെ മകനാണ് എന്നു പറഞ്ഞ് സൗഹൃദം നടിച്ചു. പ്രളയത്തിൽ തകർന്ന വീടുകൾ പണിതുകൊടുക്കുന്ന ആളാണെന്നും പറഞ്ഞു.

ഇത് കേട്ടപ്പോൾ തന്റെ വീടിനും പ്രളയത്തിൽപ്പെട്ട് നാശം സംഭവിച്ചിരിക്കുകയാണെന്നും ഇളയ മകൻ നിഷാദിന്റെ കൂടെയാണ് കഴിയുന്നതെന്നും ഐഷ പറഞ്ഞു. സ്വർണമാലയിൽ കണ്ണുനട്ടിരുന്ന യുവാവ് ഐഷയിൽനിന്ന്‌ കുടുംബ കാര്യങ്ങൾ അറിഞ്ഞതിനെ തുടർന്ന് മകൻ നിഷാദിന്റെ നമ്പർ ചോദിച്ചു. നിഷാദ് വീടിന്റെ കാര്യം എന്നോട് പറഞ്ഞില്ലല്ലോ എന്നു പറഞ്ഞപ്പോൾ ഐഷ മൊബൈൽ ഫോൺ യുവാവിന് നൽകി, മകൻ നിഷാദിന്റെ നമ്പർ ഇതിലുണ്ടെന്നു പറഞ്ഞു. മാല കൈക്കലാക്കാൻ ഉദ്ദേശിച്ച തട്ടിപ്പുകാരൻ ഉടനെ നിഷാദുമായി സംസാരിക്കുന്ന പോലെ ഫോണിൽ സംസാരിക്കുകയും 6,000 രൂപ അങ്കമാലിയിൽ അടച്ചാൽ സൗജന്യമായി വീട് പണിതു തരും. നീ പണം എത്തിച്ചു തരൂ, ഇന്നുവരെയേ സമയമുള്ളൂ എന്നും പറഞ്ഞ് ഫോൺ ഐഷയുടെ കൈയിലേക്ക് തിരികെ കൊടുത്തു.

നിഷാദാണ് സംസാരിക്കുന്നത് എന്നുപറഞ്ഞ് ഫോണിലുണ്ടായിരുന്നയാൾ - ഇപ്പോൾ 6,000 രൂപ എന്റെ കൈയിലില്ല, ഉമ്മയുടെ മാല അവന് കൊടുക്കൂ, അവൻ പണയം വച്ചിട്ട് പണം അടയ്ക്കട്ടെ. നമുക്കൊരു വീട് പണിതു കിട്ടുമല്ലോ. ബാക്കി കാര്യമെല്ലാം ഞാൻ വൈകീട്ട് വന്നിട്ട് സംസാരിക്കാമെന്നു പറഞ്ഞു. ഇതോടെ ഐഷ മാല ഊരി കൊടുക്കുകയായിരുന്നു. വീട്ടിലെത്തി മകനോട് വിവരം പറഞ്ഞപ്പോഴാണ് ചതിയായിരുന്നെന്ന് മനസ്സിലായത്. ഏലൂർ പോലീസിൽ പരാതി നൽകി.