ഏലൂർ: മലവെള്ളത്തിൽ ഒഴുക്കിൽപ്പെട്ട മറുനാടൻ തൊഴിലാളിയായ യുവാവിനെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷിച്ചു. അസം സ്വദേശി അനറുൾ (22) ആണ് രക്ഷപ്പെട്ടത്. ഏലൂർ കുറ്റിക്കാട്ടുകരയിൽ ഒഴിഞ്ഞ വീപ്പകൾ കൂട്ടിക്കെട്ടി ചങ്ങാടം പോലെയാക്കി വെള്ളത്തിൽ തുഴഞ്ഞ് കളിക്കുകയായിരുന്ന നാല്‌ യുവാക്കളാണ് ശനിയാഴ്ച പന്ത്രണ്ടു മണിയോടെ ചങ്ങാടം മറിഞ്ഞ് ഒഴുക്കിൽപ്പെട്ടത്. കുറ്റിക്കാട്ടുകരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മറുനാടൻ തൊഴിലാളികളാണിവർ.

ഇവർ ജോലിചെയ്ത സ്ഥാപനത്തിനു സമീപമാണ് പെരിയാർ. പുഴയ്ക്ക് സമീപം മരങ്ങൾ കൂടിനിൽക്കുന്ന തുരുത്ത് പോലെയുള്ള പ്രദേശമുണ്ട്. ഇതിനും സ്ഥാപനത്തിനും ഇടയിൽ ഒരാൾ പൊക്കത്തിൽ വെള്ളമുള്ള ചതുപ്പ് നിലമാണ്. ഇവിടെയാണ് വീപ്പകൾ മറിഞ്ഞ് അപകടം ഉണ്ടായത്.

ഇവരിൽ മൂന്നുപേർ വീപ്പയിൽ പിടിച്ച് നീന്തി കരയ്ക്കു കയറി. ഒഴുക്കിൽപ്പെട്ട അനറുളിന് ഒരു മരക്കമ്പിൽ പിടിത്തം കിട്ടി. ഭയന്ന ഇയാൾ മരക്കമ്പിൽ കയറിയിരുന്ന് കരച്ചിലായി.

ഇതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചാണ് ഏലൂർ അഗ്നിരക്ഷാസേനാ ജീവനക്കാരെത്തിയത്. അര കിലോമീറ്ററോളം റബ്ബർബോട്ട് ഓടിച്ചെത്തിയാണ് സേനാംഗങ്ങൾ ഇയാളെ രക്ഷിച്ചത്. തണുപ്പും പേടിയും മൂലം യുവാവ് അവശനായിരുന്നു. ഇയാളെ സേനാംഗങ്ങൾ തന്നെ പാതാളത്തെ ഇ.എസ്.ഐ.സി. ആശുപത്രിയിൽ എത്തിച്ചു.