ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി- അഴിമുഖത്ത് വെള്ളിയാഴ്ച റോ- റോ ജങ്കാറിൽ ബോട്ട് ഇടിച്ചുണ്ടായ അപകടത്തെ കുറിച്ച് മരിടൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ. മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ശനിയാഴ്ച ഫെറിയിലെത്തിയ സംഘം ജങ്കാറിലും, ബോട്ടിലും പരിശോധന നടത്തി. ബോട്ട് ജീവനക്കാരുടെ അശ്രദ്ധ അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബോട്ട് ഓടിച്ചിരുന്നയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

അപകടസമയത്ത് റോ- റോ ജങ്കാറിൽ ലസ്‌കർമാരുണ്ടായിരുന്നില്ല. അതുപേലെ വാക്കി ടോക്കി പോലെയുള്ള ഉപകരണങ്ങൾ റോ- റോയിൽ ഇല്ലാത്തതും വീഴ്ചയാണെന്ന് ചെയർമാൻ വിലയിരുത്തി.

ബോട്ടിലെ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകളുണ്ടായിരുന്നില്ല. രണ്ടു കൂട്ടരും ചൊവ്വാഴ്ച ആലപ്പുഴയിലെ ഓഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ചെയർമാൻ നിർദേശിച്ചിട്ടുണ്ട്.

അതേ സമയം അപകടവുമായി ബന്ധപ്പെട്ട് ബോട്ട് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റോ- റോ ഓടിച്ചയാൾക്കെതിരെ ഫോർട്ടുകൊച്ചി പോലീസ് കേസെടുത്തു.

അപകടത്തിൽ ബോട്ടിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. ഭാഗ്യത്തിന് വലിയ ദുരന്തം വഴി മാറുകയായിരുന്നു.