തോപ്പുംപടി : കടലിൽനിന്ന് ചെറിയ മീനുകളെ പിടികൂടിയതിന് ബോട്ടുടമകളിൽനിന്ന് സർക്കാർ പിഴയായി ഈടാക്കിയത് കോടികൾ. സർക്കാർ നിർദേശിച്ച രീതികൾ അവലംബിച്ചിട്ടും ചെറുമീനുകൾ വലയിൽ കുടുങ്ങുന്നതായി ബോട്ടുടമകൾ പറയുന്നു. ബോട്ട് വ്യവസായ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി.

നാലുവർഷം മുമ്പ് സർക്കാർ നടപ്പാക്കിയ ഫിഷറീസ് െറഗുലേഷൻ ഭേദഗതി നിയമം വഴിയാണ് ചെറുമീൻ പിടിത്തം നിരോധിച്ചത്. പ്രായമെത്താത്ത ചെറുമീനുകളെ പിടിക്കുന്നതുവഴി കടലിലെ മത്സ്യസമ്പത്തിന് വലിയ നാശമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ചെറുമീൻ പിടിത്തം സർക്കാർ വിലക്കിയത്. ചെറിയ മീൻ വലയിൽ വീഴാതിരിക്കുന്നതിന് ഫിഷറീസ് വകുപ്പ് ചില മാർഗനിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. വലക്കണ്ണിയുടെ വലുപ്പം കൂട്ടാനാണ് പ്രധാനമായും നിർദേശിച്ചത്. കണ്ണികളുടെ വലുപ്പം കൂടുമ്പോൾ, വലയിൽ കുടുങ്ങിയ ചെറിയ മീനുകൾ പുറത്തേക്ക് പോകും.

പക്ഷേ, ഇത്തരം രീതികൾ പ്രയോഗിച്ചിട്ടും ചെറിയ മീനുകൾ വലയിൽ കുടുങ്ങുന്നുെണ്ടന്നും അതിന്റെ പേരിൽ വലിയ തുക പിഴയായി നൽകേണ്ടിവരികയാണെന്നും ബോട്ടുടമകളും ബോട്ട് തൊഴിലാളികളും പരാതിപ്പെടുകയാണ്.

കടലിന്റെ അടിയിൽ വലുപ്പമുള്ളതും അല്ലാത്തതുമായ മത്സ്യങ്ങൾ കൂടിച്ചേർന്നാണ് കിടക്കുന്നത്. വലയിൽ കുടുങ്ങിയ മത്സ്യങ്ങളെ പുറത്തെത്തിക്കുമ്പോഴാണ് ചെറിയ മീൻകൂടി ഉണ്ടെന്നറിയുന്നത്. 'അപ്പോഴേക്കും അവയുടെ ജീവൻ നഷ്ടപ്പെടും.

പിന്നീട് അവയെ കടലിലേക്ക് കളഞ്ഞിട്ടും കാര്യമില്ല. ഈ സാഹചര്യത്തിലാണ് ചെറുമീൻ കരയിലെത്തുന്നതെന്ന് ബോട്ടുടമകൾ പറയുന്നു. അതേസമയം, പരമ്പരാഗത വള്ളങ്ങൾ ചെറുമീൻ പിടിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണ്.

പിഴ ഈടാക്കിയത് കോടികൾ

നിയമം പ്രാബല്യത്തിൽ വന്നശേഷം ഇതുവരെ ഏതാണ്ട് 40 കോടി രൂപയോളം ബോട്ടുടമകളിൽ നിന്ന് പിഴയായി ഈടാക്കിയിട്ടുണ്ടെന്ന് ബോട്ടുടമകളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ബോട്ടിലെ മത്സ്യം മുഴുവനായി പിടിച്ചെടുക്കുകയും അവ വിറ്റുകിട്ടുന്ന വരുമാനം സർക്കാരിലേക്ക് മുതൽക്കൂട്ടുകയും ചെയ്യുകയാണ്. ചെറുമീൻ പിടിച്ചതിന്റെ പേരിൽ ബോട്ട് പിടികൂടുമ്പോൾ കുറഞ്ഞത് 2.5 ലക്ഷം രൂപയാണ് പിഴ ഈടാക്കുന്നത്.

ബോട്ടിലെ മത്സ്യവും നഷ്ടപ്പെടുന്നു. മത്സ്യക്ഷാമവും ഇന്ധന വിലവർധനയും മൂലം വലയുന്ന ബോട്ട് വ്യവസായ മേഖലയുടെ നടുവൊടിക്കുന്ന രീതിയിലാണ് സർക്കാർ പിഴ ഈടാക്കുന്നതെന്ന് ബോട്ടുടമാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറയുന്നു.

വേണ്ടത് ശാസ്ത്രീയമായ രീതി

കടലിൽ മത്സ്യനാശത്തിന് ഇടയാക്കുന്ന ചെറുമീൻ പിടിത്തം തടയുന്നതിനെ മത്സ്യമേഖലയിൽ എല്ലാവരും സ്വാഗതം ചെയ്തതാണ്. നിയമം നടപ്പാക്കുമ്പോൾ എങ്ങനെയാണ് അത് അനുസരിക്കാനാവുകയെന്ന് വ്യക്തമാവുകയും വേണം. സർക്കാരിന്റെ നിർദേശം അനുസരിച്ചാലും ചെറുമീൻ കുടുങ്ങുന്നതായി ബോട്ടുടമകൾ പറയുന്നു.

പിടിക്കുന്ന മീനിന്റെ 50 ശതമാനത്തിലധികം ചെറുമീനാണെങ്കിൽ മാത്രമാണ് നടപടിയെന്ന് ഫിഷറീസ് വകുപ്പ് വിശദീകരിക്കുന്നുണ്ട്. അതായത്, എങ്ങനെ ശ്രമിച്ചാലും കുറച്ച് ചെറുമീൻ വലയിൽ കുടുങ്ങുമെന്നാണ് സർക്കാരും കാണുന്നതെന്ന് ബോട്ടുടമകൾ ചൂണ്ടിക്കാട്ടുന്നു. ചെറുമീൻ പിടിത്തം തടയാൻ ശാസ്ത്രീയമായ വഴികൾ തേടണമെന്നാണ് ബോട്ടുടമകൾ ആവശ്യപ്പെടുന്നത്. കേരളത്തിൽ മാത്രമാണ് ഈ നിരോധനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ കേരളത്തിന്റെ കടലിൽവന്ന് ധാരാളമായി ചെറുമീൻ പിടിക്കുന്നുണ്ടെന്നും ബോട്ടുടമകൾ ആരോപിക്കുന്നു.