periyar
 മലിനീകരണംമൂലം ശ്വാസംകിട്ടാതെ
ജലോപരിതലത്തിൽ വന്ന മത്സ്യങ്ങളെ
കൊത്തിയെടുക്കാനെത്തുന്ന പരുന്ത് |
-ഫോട്ടോ: വി.എസ്. ഷൈൻ

കളമശ്ശേരി: മുട്ടാർപ്പുഴയിൽ ആറാട്ടുകടവിൽ മഞ്ഞുമ്മൽ റെഗുലേറ്റർ-കം-ബ്രിഡ്ജിന്‌ വടക്കുവശത്ത് ശനിയാഴ്ച പുലർച്ചെ മുതൽ കൂട്ടത്തോടെ മീനുകൾ ശ്വാസംകിട്ടാതെ പിടഞ്ഞുപൊങ്ങി. ചെമ്മീൻ, കൂരി, വാള, കരിമീൻ, ചെമ്പല്ലി, കോലാൻ, കൊഞ്ച് തുടങ്ങിയ മീനുകളാണ് വെള്ളത്തിനു മുകളിൽ പൊങ്ങിയത്.

മീനുകൾ പൊങ്ങിയതറിഞ്ഞ് ഏലൂരിലെയും കളമശ്ശേരിയുടെയും വിവിധഭാഗങ്ങളിൽ നിന്ന് നാട്ടുകാരെത്തി വലയും ചുണ്ടയും ഉപയോഗിച്ച് മീനുകളെ പിടിച്ച് വില്പനയ്ക്കായും സ്വന്ത ആവശ്യങ്ങൾക്കായും കൊണ്ടുപോയി.

സംഭവമറിഞ്ഞ് ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി ജലസാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.

പുഴയിൽ വൻതോതിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. മീനുകൾ പിടഞ്ഞുപൊങ്ങിയ സ്ഥലത്ത് വെള്ളത്തിൽ ഓക്സിജൻ 0.5 മില്ലീ ഗ്രാം/ ലിറ്ററാണ്. മീനുകൾക്ക് വെള്ളത്തിൽ സുഗമമായി ജീവിക്കണമെങ്കിൽ ഈ അളവ് ചുരുങ്ങിയത് മൂന്നെങ്കിലും വേണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ ശ്രീലക്ഷ്മി പറഞ്ഞു.

മഞ്ഞുമ്മൽ റഗുലേറ്റർ-കം-ബ്രിഡ്ജിന്റെ ഷട്ടറുകൾ കൃത്യമായി തുറന്ന് വെള്ളം ഒഴുക്കിവിടാത്തതിനാൽ ഇവിടെ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതും മത്സ്യങ്ങൾ പിടഞ്ഞുപൊങ്ങാൻ കാരണമാണ്.

പെരിയാറിന്റെ ഈഭാഗത്ത് വ്യവസായശാലകളിൽ നിന്ന് മാലിന്യം ഒഴുകിയെത്തുന്നില്ല. എന്നാൽ, കക്കൂസ്‌മാലിന്യം പുഴയിലേക്കെത്തുന്നുണ്ട്‌.

കളമശ്ശേരി നഗരസഭയുടെ നോർത്ത് കളമശ്ശേരിയിലെ പൊതുമാർക്കറ്റിൽ നിന്ന് വർഷങ്ങളായി അറവുമാലിന്യം പെരിയാറിലേക്കെത്തുന്നു.

അതേപോലെ, കളമശ്ശേരി നഗരസഭയിലെ എല്ലാത്തരം മാലിന്യവും ‘തൂമ്പുങ്കൽത്തോട്’ വഴി പെരിയാറിലേക്കും ആറാട്ടുകടവിലെ പാലത്തിനടുത്തേക്കും എത്തുന്നു.

നിരവധി കെട്ടിടങ്ങളിലെ കക്കൂസ് മാലിന്യം പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. നിരവധി ലോറികൾ കഴുകുമ്പോൾ ആസിഡും ഡീസലുമൊക്കെ പുഴയിലേക്കെത്തുന്നു

ഫാക്ട്, എച്ച്.ഐ.എൽ, ടി.സി.സി, കൊച്ചിൻ റിഫൈനറി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തുടങ്ങിയ സ്ഥാപനങ്ങൾ പെരിയാറിൽ ‘ആറാട്ടുകടവ്’ പാലത്തിന് വടക്കുവശത്ത് നിന്നാണ് വെള്ളമെടുക്കുന്നത്‌.