വൈപ്പിൻ: മഹാപ്രളയത്തിൽ നാടുമുഴുവൻ നടുങ്ങിനിന്നപ്പോൾ ആയിരങ്ങൾക്ക് കാവലാളുകളായി മാറിയ കടലിന്റെ മക്കളെ നാടൊന്നായി ആദരിച്ചു. വൈപ്പിൻ ഗോശ്രീ കവലയിൽ നടന്ന ചടങ്ങിലാണ് 850ലേറെ മത്സ്യത്തൊഴിലാളികളെ ആദരിച്ചത്. വൈപ്പിൻ ഹാർബർ കേന്ദ്രീകരിച്ച് ജില്ലയിലെ ഇരുന്നൂറോളം വള്ളങ്ങളാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്. പ്രളയമുഖത്തു നിന്നു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ നടൻ സലിംകുമാർ ചടങ്ങ് ഉദ്ഘാടനംചെയ്തു.

തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സലിംകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. എസ്. ശർമ്മ എം.എൽ.എ. അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ്, കോൺഗ്രസ് നേതാവ് ടി. എൻ. പ്രതാപൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. എസ്. ഷൈജു, ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫറുള്ള എന്നിവർ സംസാരിച്ചു. ഫിഷറീസ് കോ - ഓർഡിനേഷൻ കമ്മിറ്റി ജില്ലാ കൺവീനർ ചാൾസ് ജോർജ് സ്വാഗതം പറഞ്ഞു.

1800പേരെ രക്ഷപ്പെടുത്തിയ പൂങ്കാവനം ഗ്രൂപ്പിന്റെ ലീഡർ സന്തോഷിനെ ജില്ലാ കളക്ടർ യോഗത്തിൽ ആദരിച്ചു. ഉദയസൂര്യൻ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തങ്ങളുടെ സംഭാവനയായി 10,000 രൂപ ജില്ലാകളക്ടർക്ക് കൈമാറി. മത്സ്യത്തൊഴിലാളികളെ ആദരിച്ചതോടൊപ്പം എല്ലാവർക്കും ഓണക്കിറ്റുകളും സമ്മാനമായി നൽകി.