
കൊച്ചി : മാറുന്ന കാലത്തിനൊപ്പം പുതിയ സംരംഭങ്ങളിലേക്ക് കൂടുമാറിയ സംരംഭകനാണ് ജോണി സാഗരിക. ഗ്രാമഫോൺ കാലത്തുനിന്ന് മലയാളിയുടെ സംഗീതപ്രേമത്തെ കാസറ്റുകളിലേക്കു പറിച്ചുനട്ടയാൾ. പിന്നീട് ഹിറ്റ് സിനിമകളുടെ നിർമാതാവ്. കോവിഡ് കാലത്ത് ജോണി തന്റെ പുതിയ തട്ടകത്തിനു തുടക്കമിടുന്നു. ജോണി സാഗരിക മെഡിക്കൽസ്. നാലു ജില്ലകളിലായി മെഡിക്കൽസ്റ്റോർ ശൃംഖല തുടങ്ങുകയാണ് അദ്ദേഹം.
തൊണ്ണൂറുകളിൽ ഓഡിയോ കാസറ്റ് രംഗത്തെ രാജാവായിരുന്നു സാഗരിക. പിന്നീട് സിനിമാ നിർമാണരംഗത്തും വിജയകഥകൾ. ‘‘മാറിയ കാലത്തിനൊപ്പം സഞ്ചരിക്കണം. അവശ്യവസ്തുക്കളുടെ രംഗത്തേക്ക് കൂടുമാറുകയാണ്’’ -ജോണി പറയുന്നു.
ജോണി സാഗരിഗ മ്യൂസിക് സ്റ്റോർ 1984-ൽ ചേർത്തലയിലാണ് ആരംഭിക്കുന്നത്. ‘നൂറും പാലും’ എന്ന ഭക്തിഗാന ആൽബത്തിലൂടെ തുടങ്ങി. 1992-ൽ എറണാകുളത്തും മ്യൂസിക് സ്റ്റോർ. അയ്യായിരത്തിലധികം പാട്ടുകളുമായി കമ്പനി വളർന്നു. തുടർന്ന് സിനിമാരംഗത്തേക്കും കടന്നു.
മലയാളത്തിലും തമിഴിലുമായി ജോണി സാഗരിഗ ഫിലിം പ്രൊഡക്‌ഷൻസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി 40 സിനിമകളിറക്കി. നിറം, മധുരനൊമ്പരക്കാറ്റ്, താണ്ഡവം, ഹരിഹരൻപിള്ള ഹാപ്പിയാണ്, ഫോർ ദി പീപ്പിൾ, കിളിച്ചുണ്ടൻ മാമ്പഴം, വടക്കുംനാഥൻ, ബോഡിഗാർഡ് തുടങ്ങിയവ പ്രിയ ചിത്രങ്ങൾ.
ചിങ്ങം ഒന്നിന് കടവന്ത്രയിലെ എസ്.എ. റോഡിൽ ജോണി സാഗരിഗ മെഡിക്കൽസിനു തുടക്കമാകും. “ഇതൊരു ചെറിയ തുടക്കമാണ്. പുതിയ സംരംഭമാണെങ്കിലും പരിചയമുള്ള മേഖലയാണ്.” സിനിമയും കലാമേഖലയുമൊക്കെ തളർച്ചയിലായതിനാൽ സമയമനുസരിച്ചുള്ള മാറ്റത്തെ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Film Producer Johnny sagarika will start medical store chain