കൊച്ചി: ഷാനോജ് ഇറാനി ഫാഷന്‍ കമ്പനിയും ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക് ഗോവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫാഷന്‍ ലീഗ് കൊച്ചി (എഫ്.എല്‍.കെ.) മറൈന്‍ ഡ്രൈവ് താജ് ഗേറ്റ്‌വേയില്‍ ഇന്ന് ആരംഭിക്കും. ഫാഷന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഐ.എഫ്.ഡബ്‌ള്യു. ഗോവയുടെ ഇന്ത്യ ഫാഷന്‍ സിറ്റി ടൂറിന്റെ ഭാഗമാണിത്.

ഡല്‍ഹിയില്‍ നിന്നുള്ള സഞ്ജയ്, സണ്‍മാന്‍, മുംബൈയില്‍ നിന്നുള്ള യഷ് ഷെലാര്‍, ഷോബിറ്റ് ശര്‍മ എന്നിവരാണ് ഫാഷന്‍ കൊറിയോഗ്രാഫര്‍മാര്‍. ഷാനോജ് ഇറാനിയാണ് ഷോ ഡയറക്ടര്‍. കേരളത്തിനു പുറമേ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനര്‍മാരും ഫാഷന്‍ ലീഗില്‍ തങ്ങളുടെ ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി 120 മോഡലുകളും ലീഗിന്റെ ഭാഗമാകും. 

കേരളത്തിലെ മുഴുവന്‍ മോഡലുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും ഫാഷന്‍ ഇന്‍ഡസ്ടറിക്കും ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ പര്യവേക്ഷണം ചെയ്യാനുള്ള വേദിയാണിതെന്ന് എഫ്.എല്‍.കെ. ഷോ ഡയറക്ടര്‍ ഷാനോജ് ഇറാനി പറഞ്ഞു. കൊച്ചിയില്‍ നിന്ന് എഫ്.എല്‍.കെ.യുമായി ഞങ്ങളുടെ ഫാഷന്‍ സിറ്റി ടൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ഐ.എഫ്.ഡബ്ല്യു. ഗോവയുടെ സഹസ്ഥാപകനും ഡയറക്ടറുമായ തസ്വീര്‍ എം. സലിം പറഞ്ഞു.

Content Highlights: fashion league kochi