കൊച്ചി: പ്രണയനൈരാശ്യത്തിന്റെ പകയിൽ കൊച്ചിയിൽ നിന്ന്‌ മുംബൈ വരെ പിന്തുടർന്ന് ഒരു പെൺകുട്ടിയേയും അവളുടെ ഭർത്താവിനേയും വെടിവെച്ചു കൊല്ലുക, അതിനുശേഷം സ്വയം വെടിവെച്ച്‌ ജീവനൊടുക്കുക...

58 വർഷങ്ങൾക്കു മുമ്പ് കൊച്ചി നഗരമധ്യത്തിൽ ഒരു യുവാവ് ചെയ്ത കാര്യങ്ങളാണ് അഡ്വ. കെ.വി. പ്രകാശ് ഓർത്തെടുത്തത്. കോതമംഗലത്ത്‌ മാനസ എന്ന പെൺകുട്ടിയെ വെടിവെച്ചു കൊന്ന് രാഖിൽ എന്ന യുവാവ് സ്വയം വെടിവെച്ചു മരിച്ച വാർത്ത കേട്ടപ്പോൾ 58 വർഷം മുമ്പ് സമാനമായ സംഭവത്തിലൂടെ കടന്നുപോയ അനുഭവമാണ് ഹൈക്കോടതിയിലെ മുൻ സ്പെഷ്യൽ ഗവ. പ്ലീഡറായ പ്രകാശ് പങ്കുവെച്ചത്.

കൊച്ചി നഗരമധ്യത്തിലെ കച്ചേരിപ്പടിയിൽ 1963-ലാണ് സംഭവം. കച്ചേരിപ്പടിയിലെ കലങ്ങോട്ട് എന്ന വീട്ടിൽ താമസിച്ചിരുന്ന പ്രകാശിന്റെ തൊട്ടയൽപക്കത്തായിരുന്നു കൊല്ലപ്പെട്ട ഏറ്റി എന്ന പെൺകുട്ടി താമസിച്ചിരുന്നത്. “ഏറ്റി സെയ്ന്റ് തെരേസാസ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. നഗരമധ്യത്തിൽത്തന്നെ താമസിച്ചിരുന്ന ഒരു യുവാവിന്‌ അവളോട്‌ പ്രണയം തോന്നി.

പലതവണ യുവാവ് ഏറ്റിയോട്‌ പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നാണ് പറയുന്നത്. ഏറ്റിയെ കാണാനായി യുവാവ് അവളുടെ വീടിനടുത്തുള്ള ‘മദ്രാസ് കഫേ’ എന്ന ഹോട്ടലിൽ വന്ന്‌ മുറിയെടുത്ത്‌ താമസിക്കുമായിരുന്നു. മദ്രാസ് കഫേയിലെ പടിഞ്ഞാറു ഭാഗത്തെ മുറിയിൽ നിന്നാൽ ഏറ്റിയുടെ വീട്‌ കാണാം.

അതുകൊണ്ടാണ് യുവാവ് ആഭാഗത്തുള്ള മുറി ആവശ്യപ്പെട്ടിരുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ച ഏറ്റി വിവാഹം കഴിഞ്ഞ്‌ മുംബൈയിലേക്ക്‌ പോയപ്പോൾ എല്ലാം അവസാനിച്ചെന്നു കരുതി. എന്നാൽ, ഉള്ളിലെ പക അണയാതെ സൂക്ഷിച്ച ആ യുവാവ് കൊച്ചിയിൽ നിന്ന്‌ മുംബൈയിലെത്തി. ഏറ്റിയെയും ഭർത്താവിനെയും വെടിവെച്ചു കൊന്ന് സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു” -പ്രകാശ് ഏറ്റിയുടെ കൊലപാതക കഥ പറഞ്ഞു.

പ്രകാശ് സെയ്ന്റ് ആൽബർട്‌സ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. അന്നും ഇന്നും ഉൾക്കൊള്ളാൻ കഴിയാത്ത സങ്കടകരമായ അനുഭവമായിരുന്നു അതെന്ന്‌ പ്രകാശ് പറയുന്നു. “എന്റെ വീടിന്റെ തൊട്ടയൽപക്കത്തായതിനാൽ എനിക്ക്‌ സഹോദരിയെപ്പോലെയായിരുന്നു ഏറ്റി. ചേച്ചി എന്നാണ്‌ ഞാൻ വിളിച്ചിരുന്നത്. എന്നും രാവിലെയും വൈകുന്നേരവും മതിലിനടുത്തു വന്ന്‌ ഏറ്റി എന്നോടും സഹോദരിമാരോടുമൊക്കെ കുറേനേരം സംസാരിക്കുമായിരുന്നു. ഓണത്തിനും വിഷുവിനുമൊക്കെ ഞങ്ങളുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഏറ്റിയുടെ കുടുംബത്തിനു കൊടുക്കുമ്പോൾ ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ ഭക്ഷണമുണ്ടാക്കി അവർ ഞങ്ങൾക്കും തരുമായിരുന്നു. ഏറ്റി വെടിയേറ്റു മരിച്ചെന്ന വാർത്ത കേട്ടപ്പോൾ എനിക്ക്‌ നഷ്ടമായത് സഹോദരിയെയായിരുന്നു. കഴിഞ്ഞദിവസം മാനസ എന്ന പെൺകുട്ടിയെ വെടിവെച്ചു കൊന്ന വാർത്ത കേട്ടപ്പോൾ വേദനയോടെ ഞാൻ ഏറ്റിയെ ഓർത്തു” -പ്രകാശ് പറഞ്ഞു.

ഏറ്റിയുടെ മരണം അടിസ്ഥാനമാക്കി അന്ന്‌ സിനിമ വന്ന കാര്യവും പ്രകാശ് ഓർത്തെടുത്തു. “സത്യനും രാഗിണിയും ടി.ആർ. സരോജവും കൊട്ടാരക്കര ശ്രീധരൻ നായരുമൊക്കെ അഭിനയിച്ച ‘അന്ന’ എന്ന സിനിമ ഏറ്റിയുടെ മരണവുമായി ബന്ധപ്പെട്ടതാണ്. സിനിമയുടെ കഥയിൽ പല മാറ്റങ്ങളുണ്ടെങ്കിലും അടിസ്ഥാനം ഏറ്റിയുടെ മരണം തന്നെയാണ്. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന സിനിമയുടെ ചിത്രീകരണം കാണാൻ ഞാൻ പോയിരുന്നു. മേനക തിയേറ്ററിലാണ്‌ സിനിമ കണ്ടത്. ഇപ്പോൾ നഗരമധ്യത്തിൽ ഞങ്ങളുടെ വീടും ഏറ്റിയുടെ വീടും മദ്രാസ് കഫേയും ഒന്നുമില്ല. നഗരം ഒരുപാടു മാറിയെങ്കിലും ഓർമകളിൽ മായാതെ ഏറ്റിയുണ്ട്, സങ്കടകരമായ ആ മരണവും.” സംസാരം നിർത്തുമ്പോൾ പ്രകാശ് മൊബൈൽ ഫോണിൽ ‘അന്ന’ എന്ന സിനിമയുടെ പഴയ പോസ്റ്റർ കാണിച്ചുതന്നു.

content highlights: etty murder case