പറവൂർ: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് അറുന്നൂറോളം കുടുംബങ്ങളിലായി 1,800 പേർ കഴിഞ്ഞ പുത്തൻവേലിക്കര തേലത്തുരുത്ത് കേരള ഓഡിറ്റോറിയത്തിൽ ഇനിയുള്ള ദിവസങ്ങളിൽ വീട്ടുകാർക്ക് നൽകാനായി അവശ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും നാട്ടുകാരുടെ കൂട്ടായ്മ. എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും ഒക്കെ വന്നുപോയ ക്യാമ്പ് വ്യാഴാഴ്ച പിരിച്ചുവിട്ടെങ്കിലും വെള്ളം കയറി ദുരിതത്തിലായ വീടുകളിൽ അവശ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് ഇവിടെ. വയോധികരും സ്ത്രീകളും കുട്ടികളുമൊക്കെ ക്യാമ്പിൽ നിന്നു മടങ്ങിയെങ്കിലും പഞ്ചായത്തംഗം വി.എസ്. അനിക്കുട്ടൻ, ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡന്റ് വി.എ. സനീബ്, മുൻ പഞ്ചായത്തംഗം സുമീല ശിവൻ ഉൾപ്പെടെയുള്ളവർ ഭക്ഷണക്കിറ്റുകൾ വ്യാഴാഴ്ച വൈകീട്ട് ക്യാമ്പിലിരുന്ന് പായ്ക്ക് ചെയ്യുകയാണ്. സർക്കാർ അറുന്നൂറ് ഭക്ഷ്യകിറ്റുകൾ ഇവിടെ എത്തിച്ചു നൽകിയിട്ടുണ്ട്. അതുകൂടാതെ വ്യക്തികളും സംഘടനകളും എത്തിച്ചുനൽകിയ ഭക്ഷ്യവസ്തുക്കളാണ് ഇവർ പായ്ക്ക്ചെയ്ത് വെള്ളിയാഴ്ച മുതൽ രണ്ടു ദിവസങ്ങളിലായി വിതരണം ചെയ്യുകയെന്ന് പഞ്ചായത്തംഗം വി.എസ്. അനിക്കുട്ടൻ പറഞ്ഞു.