
ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളിയില്‍ ഒന്നാം സ്ഥാനം നേടിയ ക്രിസ് അഗാസി കഥകളിവേഷത്തില്‍ ക്ഷേത്രനടയില്‍
പെരുമ്പാവൂർ: ടെന്നീസ് കളിക്കാരനാക്കണമെന്ന മോഹത്തിലാണ് നവീനും റിൻസിയും മകന് ‘അഗാസി’ എന്ന പേരിട്ടത്... അച്ഛനമ്മമാരുടെ ആഗ്രഹംപോലെ ടെന്നീസിൽ വിജയങ്ങളിലേക്ക് കുതിച്ച അഗാസിക്ക്, പ്ലസ് ടു ക്ലാസിലെത്തിയപ്പോൾ മോഹം കഥകളിയോടായി. ആ മോഹത്തിൽ കഥകളി വേഷമണിഞ്ഞ അഗാസി ആ കളത്തിലും പ്രകടനത്തിന്റെ എയ്സുകൾ മോശമാക്കിയില്ല.
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കഥകളിയിൽ ഒന്നാം സ്ഥാനം നേടിയ അഗാസി, ഇതിനിടയിൽ ഒരു ഡബിൾ എയ്സും ഉതിർത്തു... മോണോ ആക്ടിലും ഒന്നാം സ്ഥാനം. ഇപ്പോൾ ‘ടെന്നീസ് വേണോ, കഥകളി വേണോ, മോണോ ആക്ട് വേണോ’ എന്നു ചോദിച്ചാൽ അഗാസി മറ്റൊരു റിട്ടേൺ ഉതിർക്കും: ‘എനിക്ക് നടനാകണം...’
കൗതുകം നിറഞ്ഞ ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ചാണ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ക്രിസ് അഗാസി കലയിലും കായികത്തിലും ഒരുപോലെ മുന്നേറുന്നത്. ആറാം ക്ലാസ് മുതൽ ടെന്നീസ് കളിക്കുന്ന അഗാസി, ഇത്തവണ സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സൗത്ത് സോണിൽ രണ്ടാം സ്ഥാനം നേടി ഫൈനൽ റൗണ്ടിലെത്തി നിൽക്കുകയാണ്. ഇതിനിടയിൽ ഒട്ടേറെ ടൂർണമെന്റുകളിലും വിജയിയായി.
ടെന്നീസിനൊപ്പം അഗാസിയുടെ തലയ്ക്കുപിടിച്ച ഒന്നായിരുന്നു അഭിനയം. ഒരു നടനാകണമെന്ന മോഹത്തിൽ നടക്കുന്ന അഗാസി അതിന് കണ്ടുപിടിച്ച വഴി കൂടിയാണ് കഥകളി. ‘ഞാൻ ഒരു നടനാകുമെന്ന് ഉറപ്പാണ്... നടന്റെ ഏറ്റവും വലിയ പ്രതിഭയാകേണ്ടത് കണ്ണിന്റെ ചലനങ്ങളാണ്... അതിന് ഏറ്റവും നല്ല വഴിയാണ് കഥകളി... അതിലൂടെ നമ്മുടെ കണ്ണുകളുടെ ചലനങ്ങൾക്ക് പരമാവധി വൈവിധ്യം ലഭിക്കും...’ -അഗാസി പറയുന്നു.
എറണാകുളം എസ്.ആർ.എം. റോഡ് പുതുശ്ശേരിയിൽ നവീനിന്റെയും റിൻസിയുടെയും മകനായ അഗാസി, ട്രാൻസ്ജെൻഡറിന്റെ കഥ പറഞ്ഞാണ് ഇത്തവണ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയത്. നടനാകുമെന്ന് ഉറപ്പിച്ച് നടക്കുന്ന മകന്റെ മോഹത്തിന്, നിറഞ്ഞ പിന്തുണയാണ് അച്ഛനുമമ്മയും നൽകുന്നത്. തലയിൽ കഥകളി കിരീടവും കൈയിൽ ടെന്നീസ് റാക്കറ്റും പിടിച്ച് നിൽക്കുന്ന മകൻ ഒടുവിൽ അഭിനയരംഗത്ത് എത്തിയാൽ അതിലും നിറഞ്ഞ സന്തോഷമെന്ന് ഇരുവരും പറയുന്നു.