കൊച്ചി: മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു. പ്രവർത്തകനായ വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു. കോളേജ് ഹോസ്റ്റലിലേക്ക് മാർച്ച് നടത്തി. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ഡി.സി.സി. ഓഫീസിൽ നിന്നുനടത്തിയ മാർച്ച് ഹോസ്റ്റലിന് മുന്നിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് ഒന്നാം വർഷ മ്യൂസിക് ബിരുദ വിദ്യാർഥിയായ മുഹമ്മദ് അജാസിന് മഹാരാജാസ് ഹോസ്റ്റലിൽ മർദനമേറ്റത്. പരിക്കേറ്റ അജാസ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡി.സി.സി. സെക്രട്ടറിമാരായ എൻ.ആർ. ശ്രീകുമാർ, തമ്പി സുബ്രഹ്മണ്യം, എം.ടി. ജയൻ, മുൻ മേയർ ടോണി ചമ്മണി, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എസ്. നായർ, ഷാരോൺ പനക്കൽ, എ.എ. അജ്മൽ, പി.എച്ച്. അസ്‌ലം, പി.വൈ. ഷാജഹാൻ, ബിലാൽ കടവിൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.