കൊച്ചി: എറണാകുളം കച്ചേരിപ്പടി സെയ്ന്റ് ആന്റണീസ് എച്ച്.എസ്.എസിലെ മൂന്നാം ക്ലാസിൽ ഒരു പ്രധാനമന്ത്രി ഒരുക്കത്തിലാണ്. കുട്ടി പ്രധാനമന്ത്രിക്ക് ചുറ്റും യൂണിഫോമിൽ കുറേ കുരുന്നുകളും. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതി നടത്തിയ ജില്ലാതല പ്രസംഗമത്സരത്തിൽ നിന്ന് കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എട്ടു വയസ്സുകാരി സി.എൽ. നേഹയാണ് ഒരുക്കം നടത്തുന്നത്.
ശിശുദിനത്തിൽ ദർബാർ ഹാൾ ഗ്രൗണ്ടിൽ ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രിയായ നേഹയാണ് ഉദ്ഘാടനം ചെയ്യുക. ഇതിന്റെ പ്രസംഗം അടക്കം റിഹേഴ്സൽ ചെയ്യുകയാണ് നേഹ. ഉപജില്ലാ കലോത്സവത്തിൽ ഇത്തവണ മലയാളം പ്രസംഗ മത്സരത്തിലെ താരമാണ് നേഹ. ഒന്നാം തരം മുതൽ ഉപജില്ലയിൽ സാഹിത്യ മത്സരങ്ങളിലും മറ്റു കലാമത്സരങ്ങളിലും നിറസാന്നിധ്യമാണ്. എന്നാൽ പൊതുവേദിയിൽ ഒരു ഉദ്ഘാടന പ്രസംഗം ഇത് ആദ്യമായാണ് നേഹയ്ക്ക്. അതിനാൽത്തന്നെ ഒരുക്കമില്ലാതെ പറ്റില്ലെന്നാണ് നേഹ പറയുന്നത്.
കച്ചേരിപ്പടി പവർ ഹൗസ് റോഡിലാണ് നേഹയും കുടുംബവും താമസിക്കുന്നത്. ചിരിയൻകണ്ടത്ത് ലിൻസൺ-വിൻസി ദമ്പതിമാരുടെ മകളാണ് നേഹ. എൽ.കെ.ജി. വിദ്യാർഥിയായ റയാൻ ആണ് സഹോദരൻ. അധ്യാപിക ഫിൽദയും സ്കൂളിലെ മറ്റ് അധ്യാപകരുമാണ് നേഹയ്ക്ക് വേണ്ട പിന്തുണ നൽകുന്നത്.