കൊച്ചി: ഒരുമാസം നീണ്ട തകർപ്പൻ പ്രചാരണത്തിന് കൂട്ടപ്പൊരിച്ചിലോടെ സമാപനം. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായിരുന്ന ശനിയാഴ്ച തട്ടുപൊളിപ്പൻ പ്രകടനമാണ് മുന്നണികൾ കാഴ്ചവെച്ചത്. യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.ജെ. വിനോദിന്റെ കലാശക്കൊട്ട് എറണാകുളം ടൗൺഹാളിന് മുന്നിലും ഇടതുസ്ഥാനാർത്ഥി മനു റോയിയുടേത് കലൂരും എൻ.ഡി.എ. സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്റേത് മാധവ ഫാർമസി ജങ്‌ഷനിലുമായിരുന്നു.

മണപ്പാട്ടിപ്പറമ്പിൽനിന്ന്‌ വൈകുന്നേരം നാലോടെ യു.ഡി.എഫ്. പ്രകടനം ആരംഭിച്ചു.

ernakulam
എറണാകുളം ടൗണ്‍ഹാളിന് മുന്നില്‍ നടത്തിയ, യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി
ടി.ജെ. വിനോദിന്റെ പ്രചാരണ കലാശക്കൊട്ട്

ചെണ്ടയുടെയും ചേങ്ങിലയുടെയും താളത്തിനൊത്ത് യു.ഡി.എഫ്. പതാകകൾ അന്തരീക്ഷത്തിൽ പാറിക്കളിച്ചു. ഇരുചക്ര വാഹനങ്ങളിൽ കൊടിതോരണങ്ങളും വിനോദിന്റെ ചെറിയ കട്ടൗട്ടുകളുമായി സ്ത്രീകൾ പ്രകടനത്തിന്റെ മുന്നിൽ നിന്നു.

നീല കൊടികളും ഹൈഡ്രജൻ നിറച്ച നീല ബലൂൺ കെട്ടുകളുമായി കെ.എസ്‌.യു. പ്രവർത്തകർ ആവേശനൃത്തം ചവിട്ടി. പ്രകടനം ടൗൺ ഹാൾ പരിസരത്ത് എത്തിയതിന് പിന്നാലെ സ്ഥാനാർത്ഥിയുടെ വാഹനം കൂടിയെത്തിയപ്പോൾ ചെണ്ടമേളവും പ്രവർത്തകരുടെ ആവേശവും ഉച്ചസ്ഥായിയിലായി. ഹൈബി ഈഡൻ എം.പി., എം.എൽ.എ. മാരായ വി.ഡി. സതീശൻ, റോജി എം. ജോൺ, അൻവർ സാദത്ത്, മേയർ സൗമിനി ജയിൻ, ജില്ലയിലെ മറ്റ് യു.ഡി.എഫ്. നേതാക്കൾ എന്നിവർ കൊട്ടിക്കലാശത്തിന് കൊഴുപ്പേകാൻ എത്തിയിരുന്നു.

ശനിയാഴ്ച പദയാത്രയായും കൂട്ടിക്കൂട്ടുകാർക്കൊപ്പം സൈക്കിൾ ചവിട്ടിയും വാഹനപര്യടനം നടത്തിയും വിനോദ് വോട്ട് അഭ്യർത്ഥിച്ചു. പച്ചാളം മാടവനത്താഴം, മാർക്കറ്റ്, ജനകീയ റോഡ്, കലൂർ ആസാദ് റോഡ് എന്നിവിടങ്ങളിൽ ഗൃഹസന്ദർശനം നടത്തി.

എൽ.ഡി.എഫ്. സ്ഥാനാർഥി മനു റോയിയുടെ പ്രചാരണ സമാപനത്തിന്റെ ഭാഗമായ റോഡ്ഷോ ഉച്ചയ്ക്ക് വാത്തുരുത്തി കോളനിയിൽ നടനും മുൻ എം.പി.യുമായ ഇന്നസെന്റ് ഫ്ലാഗ്‌ഓഫ് ചെയ്തു.

വില്ലിങ്ടൺ ഐലൻഡ്, തേവര, സൗത്ത് മേൽപ്പാലം, കടവന്ത്ര, ഗാന്ധിനഗർ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, എം.ജി. റോഡ്, കച്ചേരിപ്പടി ജങ്ഷൻ, അയ്യപ്പൻകാവ്, പച്ചാളം, വടുതല ഗേറ്റ്, ജയകേരള ജങ്ഷൻ, തട്ടാംപടി, കുന്നുംപുറം ജങ്ഷൻ, പുന്നയ്ക്കൽ ജങ്ഷൻ, പൊറ്റക്കുഴി, കറുകപ്പിള്ളി, ദേശാഭിമാനി തുടങ്ങിയ സ്ഥലങ്ങളിലൂടെ റോഡ്ഷോ കടന്നുപോയി.

കലൂരിൽ ഇന്നസെന്റ്, പി. രാജീവ് എന്നിവർ പ്രവർത്തകരോട് സംസാരിച്ചു. മനു റോയി നന്ദി പറഞ്ഞു.

രാവിലെ കാരിക്കാമുറി കോളനിയിൽ നിന്ന് സ്ഥാനാർഥിയുടെ ഗൃഹസന്ദർശന പര്യടനം ആരംഭിച്ചു. കാരിക്കാമുറിയിലുള്ള ചാവറ കൾച്ചറൽ സെന്ററിലും നഗരത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങളിലും എത്തി പിന്തുണതേടി. എറണാകുളം ചിൽഡ്രൻസ് പാർക്കിന് സമീപമുള്ള ‘ലിങ്ക് ഹോറൈസൺ’ ഫ്ലാറ്റിലും പുല്ലേപ്പടി സി.പി ഉമ്മർ റോഡിലും പരിസരത്തും എറണാകുളം മാർക്കറ്റിലും സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചു.

ekm

എറണാകുളം മാധവ ഫാര്‍മസി ജങ്ഷനില്‍ നടന്ന, എന്‍.ഡി.എ.
സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാലിന്റെ പ്രചാരണ കൊട്ടിക്കലാശം

എൻ.ഡി.എ. സ്ഥാനാർഥി സി.ജി. രാജഗോപാലിന്റെ തിരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം ബി.ജെ.പി. ജില്ലാ ഓഫീസിൽ നിന്ന്‌ ആരംഭിച്ച് എം.ജി. റോഡ് വഴി ജോസ് ജങ്‌ഷൻ, പത്മ ജങ്‌ഷൻ വഴി മാധവ ഫാർമസിക്ക്‌ സമീപം അവസാനിച്ചു. സ്ത്രീകളടക്കം പ്രവർത്തകർ എം.ജി. റോഡിൽ നൃത്തംചെയ്താണ് സ്ഥാനാർഥിയെ ആനയിച്ചത്

ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ കൊട്ടിക്കലാശം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ വി.എൻ. വിജയൻ അധ്യക്ഷത വഹിച്ചു.

രാജഗോപാലിന് വേണ്ടി വോട്ടഭ്യർഥിക്കാനായി പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ സി.കെ. പത്മനാഭനും ഒ. രാജഗോപാലും എത്തി. കുന്നുംപുറത്ത്‌ നിന്നാണ് രാജഗോപാൽ പ്രചാരണം ആരംഭിച്ചത്. സി.കെ. പത്മനാഭൻ പ്രചാരണം ഉദ്ഘാടനം ചെയ്തു.

ചിറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം റോഡ്‌ഷോ എത്തിയതോടെ ഒ. രാജഗോപാൽ എം.എൽ.എ.യും റാലിയിൽ ചേർന്നു.