ചെറായി: നിരോധിച്ച പെലാജിക് വലകൾ പിടികൂടുന്നതിനും ചെറുമത്സ്യങ്ങളെ പിടികൂടുന്ന മത്സ്യബന്ധന ബോട്ടുകളെ കസ്റ്റഡിയിലെടുക്കുന്നതിനും അഴിമുഖത്ത് ഫിഷറീസ് വകുപ്പ് നടത്തുന്ന പട്രോളിങ് പ്രഹസനമെന്ന് ആക്ഷേപം. ഉദ്യോഗസ്ഥരുടെ നടപടി ആത്മാർത്ഥമെങ്കിൽ ഹാർബറുകളിലെ ലേല ഹാളുകളിൽ നിത്യേന പുലർച്ചെ നാലുമണിക്കെത്തി പരിശോധന നടത്തണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

നിരവധി മത്സ്യബന്ധന ബോട്ടുകളാണ് ടൺ കണക്കിന് പൊടി കൂന്തലുകളും മറ്റുമായി നിത്യേന ഹാർബറുകളിലെത്തുന്നത്. പിടികൂടി കരയിലെത്തിക്കുന്ന പൊടി കൂന്തലുകൾ കേവലം കിലോവിന് 40-50 രൂപയ്ക്കാണ് വിറ്റു പോകുന്നത്. അതേ സമയം ഇവ മൂന്നോ നാലോ ആഴ്ചകൊണ്ട് വലുതാകും. അപ്പോൾ ഇവയ്ക്ക് കിട്ടുന്ന വിലയാകട്ടെ കിലോവിന് 300-ന് മേലെയാണ്. ഇവ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻമാർ കാണാതെ പോകുകയാണ്. അഴിമുഖത്ത് നടത്തുന്ന പട്രോളിങ്ങിൽ വല്ലപ്പോഴും ഒരു ബോട്ട് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ് ചെയ്യുന്നത്. ഹാർബറിലെ ലേലപ്പുരയിലെത്തി പരിശോധന നടത്തിയാൽ മാത്രമെ ചട്ടലംഘനം നിയന്ത്രിക്കാനാവുവെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം.