ചെറായി: തീരക്കടലിൽ നിലനിന്നിരുന്ന ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രിക്ക് ശേഷം പിൻവലിക്കുന്നത് മുന്നിൽക്കണ്ട് മുനമ്പം-മുരുക്കുംപാടം മത്സ്യബന്ധന ഹാർബറുകളോടനുബന്ധിച്ചുള്ള അനുബന്ധ മേഖലകൾ ഉണർന്നുകഴിഞ്ഞു.

അറ്റകുറ്റപ്പണികൾ നടത്തിയ ബോട്ടുകൾ പലതും കായലിൽ ട്രയൽ നടത്തി, അവസാന മിനുക്കുപണികൾ തീർത്തുകൊണ്ടിരിക്കുകയാണ്. വലകളും മറ്റും അറ്റകുറ്റപ്പണികൾ നടത്തിയത് ബോട്ടിനകത്തേക്ക് കയറ്റിത്തുടങ്ങി. കൂടാതെ, ബോട്ടുകളിൽ ഐസും നിറച്ചുതുടങ്ങിയിട്ടുണ്ട്.

മറൈൻ വർക്‌ഷോപ്പുകളിൽ വൻ തിരക്കാണ്. ട്രോളിങ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ അയൽസംസ്ഥാന തൊഴിലാളികൾ തിരികെ വന്നുതുടങ്ങിയിട്ടുണ്ട്.

നിരോധനം 31 വരെയുള്ളതിനാൽ മറൈൻ പമ്പുകളിൽ നിന്ന്‌ ഇന്ധനവിതരണം ആരംഭിച്ചിട്ടില്ല. ഇക്കുറി 52 ദിവസമായിരുന്നു ട്രോളിങ് നിരോധനം. ജൂൺ ഒമ്പതിന് അർധരാത്രിയാണ് നിരോധനം ആരംഭിച്ചത്.

ഇനി ഈമാസം 31-ന്‌ അർധരാത്രി കഴിയുന്നതോടെ മത്സ്യബന്ധന ബോട്ടുകൾ അറബിക്കടലിലേക്ക് കുതിക്കും.

ഒരാഴ്ചയിലെ കനത്തമഴ കഴിഞ്ഞ് കടൽ അൽപ്പം ശാന്തമായ സ്ഥിതിക്ക് മത്സ്യങ്ങൾ ധാരാളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.