കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി പി. രാജീവ് ആദ്യഘട്ട പര്യടനം പൂർത്തിയാക്കി. സ്ഥാനാർഥിത്വം വൈകിയതിനാൽ പ്രചാരണം തുടങ്ങാൻ വൈകിയ യു.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥികൾ പ്രചാരണത്തിൽ അതിവേഗം മുന്നേറുകയാണ്. കത്തുന്ന സൂര്യനെ വകവയ്ക്കാതെയാണ് എല്ലാവരുടെയും മുന്നേറ്റം.

പി. രാജീവിന്റെ പൊതു പര്യടനത്തിന്റെ ആദ്യഘട്ടം എറണാകുളം നഗരത്തിലാണ് സമാപിച്ചത്. തുറന്ന ജീപ്പിലെ സ്ഥാനാർഥിപര്യടനം കലാഭവൻ റോഡിൽ പണിക്കശ്ശേരിപ്പറമ്പിൽ കൊച്ചി നഗരസഭാ മുൻ മേയറും സെയ്‌ന്റ് ആൽബർട്‌സ്‌ കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. മാത്യു പൈലി ഉദ്ഘാടനം ചെയ്തു.

കരിത്തല കോളനിയിലെ സ്വീകരണ കേന്ദ്രത്തിൽ സ്ഥാനാർഥിയെ വരവേൽക്കാൻ കൂത്തുപറമ്പ് സമരകാലത്ത് രാജീവിനൊപ്പം ലോക്കപ്പിൽ കിടന്ന ടി.കെ. വിദ്യാധരൻ എത്തിയിരുന്നു.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം സ്ഥാനാർഥി എറണാകുളം ലോ കോളേജിലേക്കും തേവര സേക്രഡ് ഹാർട്ട് കോളേജിലേക്കുമെത്തി.

ഉച്ചയ്ക്കുശേഷം പച്ചാളം, എസ്.ആർ.എം. റോഡ്, അയ്യപ്പൻകാവ്, കോമ്പാറ, കലൂർ മേഖലകളിലെത്തി പി. രാജീവ് വോട്ടർമാരെ കണ്ടു.

പൊതു പര്യടനത്തിന്റെ രണ്ടാംഘട്ടം മാർച്ച് 31-ന് ആരംഭിക്കും. പി. രാജീവിന്റെ പ്രചാരണത്തിനായി സി.പി.എം. അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രിൽ രണ്ടിന് വൈകീട്ട് അഞ്ചു മണിക്ക് തൃപ്പൂണിത്തുറയിലും വൈകീട്ട് ആറു മണിക്ക് എറണാകുളും രാജേന്ദ്ര മൈതാനിയിലും യോഗങ്ങളിൽ പ്രസംഗിക്കും.

പറവൂരിലാണ് യു.ഡി.എഫ്. സ്ഥാനാർഥി ഹൈബി ഈഡന്റെ വെള്ളിയാഴ്ചത്തെ പര്യടനം. രാവിലെ മാഞ്ഞാലിയിൽ ആരംഭിച്ച പര്യടനം തേലത്തുരുത്, കണക്കൻകടവ് പിന്നിട്ട്, എളന്തിക്കരയിൽ എത്തിച്ചേർന്നു. പുത്തൻവേലിക്കര പഞ്ചായത്തിൽ എത്തിയപ്പോൾ, ജോർജ്‌ ഈഡനോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത വയോധികരായ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ സ്വീകരണം നൽകി.

പറവൂരിലെ പര്യടനത്തിൽ വി.ഡി. സതീശൻ എം.എൽ.എ.യും ഉണ്ടായിരുന്നു. ഉച്ചയോടെ കെഎസ്.യു. പ്രവർത്തകരുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ ഹൈബി ഈഡൻ പറവൂരിൽനിന്ന്‌ തൃക്കാക്കര ഭാരതമാതാ കോളേജിൽ ഓടിയെത്തി. വിദ്യാർഥികളുമായി സംവദിച്ച് വീണ്ടും പറവൂരിലേക്ക്.

ഉച്ചഭക്ഷണത്തിനു ശേഷം ചേന്ദമംഗലം കൈത്തറി ഗ്രാമത്തിലെത്തി. ചേന്ദമംഗലം പഞ്ചായത്തിലെ കരിമ്പാടം നെയ്ത്‌ സംഘം സന്ദർശിച്ച് തൊഴിലാളികളുമായി വിവരങ്ങൾ ആരാഞ്ഞു.

ഹൈബി ഈഡന്റെ മണ്ഡല പര്യടനം പറവൂർ നിയോജക മണ്ഡലത്തിൽ

തൃക്കാക്കര, എറണാകുളം നിയോജകമണ്ഡലങ്ങളിലെ ചിലയിടങ്ങൾ സന്ദർശിച്ച എൻ.ഡി.എ. സ്ഥാനാർഥി അൽഫോൻസ്‌ കണ്ണന്താനം പ്രമുഖ വ്യക്തികളെ കാണുന്നതിലാണ് വെള്ളിയാഴ്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

പാലാരിവട്ടത്ത് തൃക്കാക്കര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പൊന്നുരുന്നി മസ്ജിദ് ഇമാം കെ. കുഞ്ഞുമുഹമ്മദ് മൗലവിയുടെ വീട്‌ സന്ദർശിച്ചു. പാലാരിവട്ടം പി.ഒ.സി.യും സന്ദർശിച്ചു. ഉച്ചഭക്ഷണ ഒഴിവുസമയത്ത് ഹൈക്കോടതി പരിസരത്തെത്തി അഭിഭാഷകരുമായി വിവിധ വിഷയങ്ങളിൽ സംവദിച്ചു.

എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം എം.എം. ഗോവിന്ദൻകുട്ടി മാസ്റ്റർ, എസ്.എൻ.ഡി.പി. കണയന്നൂർ താലൂക്ക് ചെയർമാൻ മഹാരാജാ എൽ. ശിവാനന്ദൻ എന്നിവരുമായും കണ്ണന്താനം ചർച്ച നടത്തി.