കൊച്ചി: നടപ്പിലാക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന പദ്ധതികൾ പോലും എൽ.ഡി.എഫ്. സർക്കാർ യാഥാർത്ഥ്യമാക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുമുന്നണി കലൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ബാങ്ക് ഒരിക്കലും നടപ്പിലാക്കാൻ കഴിയില്ലെന്നായിരുന്നു യു.ഡി.എഫുകാർ പറഞ്ഞിരുന്നത്. എന്നാൽ, ഈ വർഷത്തോടെ കേരള ബാങ്ക് യാഥാർഥ്യമാകുന്ന സ്ഥിതി ഉണ്ടായി. കിഫ്ബി യാഥാർഥ്യമാക്കി. യു.ഡി.എഫ്. സർക്കാരിന് ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങളാണ് എൽ.ഡി.എഫ്. സർക്കാർ നടപ്പിലാക്കുന്നത്.

ഗെയിലും ദേശീയപാതാ വികസനവും പോലെ തർക്കത്തിലായി മുടങ്ങിക്കിടന്ന പദ്ധതികൾക്ക് പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ജീവൻവെയ്ക്കുകയാണ്. തീരദേശ മലയോര ഹൈവേ, കോവളം-ബേക്കൽ ദേശീയ ജലപാത പദ്ധതി തുടങ്ങി വലിയ മാറ്റമാണ് സർക്കാർ കൊണ്ടുവരുന്നത്.

ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കുകയും ഇവ വീട്ടിൽ നേരിട്ടെത്തിച്ച് നൽകുന്നതുമായ സാഹചര്യമുണ്ടായി.

കൂടത്തായി കൊലപാതകക്കേസിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സമീപനം കൊലപാതകികൾക്ക് രക്ഷാകവചം ഉണ്ടാക്കുകയാണ്. ഉപ തിരഞ്ഞെടുപ്പായതിനാൽ ഇപ്പോൾ പ്രതിയെ പിടിക്കേണ്ട എന്നാണ് കെ.പി.സി.സി. പ്രസിഡന്റ് പറയുന്നത്.

ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ദേശീയതലത്തിൽ ഉള്ളതെന്ന് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അധികാരത്തിൽ എത്തിയത്. ഇന്ത്യയുടെ ചരിത്രം അവർ മാറ്റി കൊണ്ടിരിക്കുന്നു. ഗുജറാത്തിൽ ചോദ്യപേപ്പറിൽ ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്തുവെന്നാണ് കുട്ടികളോട് ചോദിക്കുന്നത്. നെഹ്‌റുവിന്റെ സ്മാരകം മറ്റ് പ്രധാനമന്ത്രിമാരുടെയും സ്മാരകമാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണ്. ഇനി എപ്പോഴാണ് ഗാന്ധിസ്മാരകത്തിൽ ഗോൾവൽക്കറുടെ പടം വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ ഫാസിസ്റ്റ് ശക്തികളെ ശക്തമായി എതിർക്കാനും ജനങ്ങളെ അണിനിരത്താനും കഴിയുന്ന വലിയ പ്രസ്ഥാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. അതിന് രാഷ്ട്രീയമായ നേതൃത്വം കൊടുക്കാൻ കഴിയുന്നത് കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരിനാണെന്ന് സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ പറഞ്ഞു.

സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം എം.ബി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, കോൺഗ്രസ്-എസ്. സംസ്ഥാന ട്രഷറർ ടി.വി. വർഗീസ്, എം. സ്വരാജ് എം.എൽ.എ., സി. മണി, സി.കെ. മണിശങ്കർ, കെ.ജെ. സോഹൻ തുടങ്ങിയവർ സംസാരിച്ചു.