പനങ്ങാട്:ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ഇലക്‌ട്രിക് ബസ് അപകടത്തിൽപ്പെട്ടു. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുമ്പളം-മാടവന പാലത്തിന്റെ ഇറക്കത്തിലായിരുന്നു അപകടം.

നിയന്ത്രണം തെറ്റിയ ബസ് പനങ്ങാട് പോലീസ് സ്റ്റേഷന് എതിർവശത്ത് ദേശീയപാതയുടെ പബ്ലിക് ടോയലറ്റിന് സമീപം പാലത്തിന്റെ ഇറക്കത്തിൽ, വശങ്ങളിലുള്ള മൈൽക്കുറ്റികളിൽ ഇടിച്ച്‌ നിന്നു.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന്‌ എറണാകുളത്തേക്ക് വരികകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ബസിന്റെ മുൻവശം ഭാഗികമായി തകർന്നു. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പനങ്ങാട് പോലീസ് പറഞ്ഞു.