അരൂർ: നിരന്തരം തകരാറായിട്ടും എഴുപുന്നയിലെ റെയിൽവേഗേറ്റ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. എരമല്ലൂർ-എഴുപുന്ന റോഡിലെ റെയിൽവേഗേറ്റ് കഴിഞ്ഞമാസം നാല് തവണയാണ് പണിമുടക്കിയത്. തീവണ്ടി കടന്നുപോകാനായി ഗേറ്റ് അടച്ചാൽ പിന്നീട് തുറക്കാൻ സാധിക്കാത്തതാണ് റെയിൽവേ ഗേറ്റിന്റെ പ്രശ്‌നം. നൂറോളം സ്വകാര്യ ബസുകളും സമുദ്രോത്പന്ന സംസ്‌കരണശാലകളിലേക്കുള്ള നിരവധി വാഹനങ്ങളും എരമല്ലൂർ - എഴുപുന്ന റോഡിലൂടെയാണ് കടന്നുപോകുന്നത്.

ചേർത്തല-കലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളത്രയും തുറവൂർ കവലയിൽനിന്ന് പടിഞ്ഞാറ്് വശത്തുള്ള ഇടറോഡിലേക്ക് കയറി എരമല്ലൂരിലെ കവലയിൽ വന്നാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. ഇതിനിടയിൽ റെയിൽവേ ഗേറ്റ് തകരാറിലായാൽ തെക്കുനിന്നുള്ള വാഹനങ്ങൾ ഇത്രയും ദൂരം തിരിച്ചുപോകാതെ മറ്റ് മാർഗങ്ങളില്ല.

കഴിഞ്ഞ ദിവസം രണ്ട് തവണയാണ് റെയിൽവേ ഗേറ്റ് കേടായത്. രാവിലെ തീവണ്ടി കടന്നുപോകാൻ അടച്ചഗേറ്റ് തുറക്കാൻ പറ്റാതായതോടെ റെയിൽവേ ഉദ്യോഗസ്ഥരെത്തി തകരാർ പരിഹരിച്ച് രണ്ട് മണിക്കൂറിനുശേഷം തുറന്നു. എന്നാൽ അരമണിക്കൂറിനുശേഷം വീണ്ടും കേടായി.

എരമല്ലൂർ-എഴുപുന്ന റോഡിൽ മേൽപ്പാലം നിർമിക്കാൻ ധാരണയായിട്ടുണ്ടെങ്കിലും അതിനുള്ള പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. മേൽപ്പാലം നിർമിക്കാനുള്ള സ്ഥലം കണ്ടെത്താൻ അധികൃതർ ചിലയിടങ്ങളിൽ പ്രാരംഭ സന്ദർശനം നടത്തിയെങ്കിലും അവസാന തീരുമാനം കൈക്കൊണ്ടിട്ടില്ല. മേൽപ്പാലം നിർമിക്കുന്നതിന് മുമ്പുതന്നെ റെയിൽവേ ഗേറ്റ് കുറ്റമറ്റതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാലപ്പഴക്കം മൂലം തുരുമ്പെടുത്ത റെയിൽവേ ഗേറ്റിനുപകരം പുതിയ സിഗ്നൽലൈറ്റ് സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.