charging station
പാലാരിവട്ടത്തെ ചാര്‍ജിങ് സ്റ്റേഷന്‍ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ബാറ്ററി വാഹനങ്ങളുടെ ലോകത്ത് ഫുള്‍ ചാര്‍ജാകാനുള്ള കുതിപ്പിലാണ് കൊച്ചി. പെട്രോള്‍ പമ്പുകള്‍ക്കു പകരം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ (ഇ.വി.സി.എസ്.).

മുപ്പതിലധികം ഇ.വി.സി.എസുകള്‍ സ്ഥാപിക്കാനാണ് വൈദ്യുതി ബോര്‍ഡ് ഒരുങ്ങുന്നത്. പൊതുജനങ്ങള്‍ക്കു കൂടി ഉപയോഗിക്കാവുന്ന ഇ.വി.സി.എസ്. പാലാരിവട്ടം കെ.എസ്.ഇ.ബി. ഓഫീസ് പരിസരത്ത് തയ്യാറായി. ഇത്തരത്തിലുള്ള സംസ്ഥാനത്തെ രണ്ടാമത്തെ ഇ.വി.സി.എസ്. ആണിത്. ആദ്യത്തേത് കൊല്ലം ഓലൈയില്‍ കഴിഞ്ഞയാഴ്ച തുടങ്ങി.

ചാര്‍ജ് ടു പാലാരിവട്ടം

പാലാരിവട്ടത്തെ ഇ.വി.സി.എസ്. മാതൃകയിലായിരിക്കും ബാക്കി സ്റ്റേഷനുകളും. പാലാരിവട്ടത്ത് രണ്ട് ചാര്‍ജിങ് മൊഡ്യൂളുകളാണ് ഉള്ളത്. ഇതില്‍ മൂന്ന് ചാര്‍ജിങ് ഗണ്ണുകള്‍ (വാഹനത്തിലെ ബാറ്ററിയിലേക്ക് ഘടിപ്പിക്കുന്ന ഭാഗം) ഉണ്ട്. ഒരേസമയം മൂന്നു വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. 80 കിലോവാട്ട് ആണ് ശേഷി. ഒരു ചാര്‍ജിങ് പോയിന്റ് 20 കിലോവാട്ടിന്റേതും മറ്റൊരെണ്ണം 60 കിലോവാട്ടിന്റേതും. ഒരു വാഹനം ഫുള്‍ ചാര്‍ജ് ആകാന്‍ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വേണം. ബാറ്ററിയുടെ ശേഷിക്കനുസരിച്ച് സമയം വ്യത്യാസപ്പെടും. പെട്രോള്‍ പമ്പുകളില്‍ ലിറ്ററും രൂപയും കാണിക്കുന്നതുപോലെ ഇവിടെ യൂണിറ്റും രൂപയും കാണിക്കും.

തത്കാലം സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രം

പാലാരിവട്ടത്തെ ഇ.വി.സി.എസ്. തത്കാലം സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രം ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കും. വൈദ്യുതി ബോര്‍ഡിന്റെ ആറ് ഇലക്ട്രിക് കാറുകളില്‍ രണ്ടെണ്ണം കൊച്ചിയിലാണ്. ചാര്‍ജിങ് താരിഫ് തീരുമാനമായാല്‍ ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറക്കും.

ആപ്പ് പറയും സ്റ്റേഷന്‍

ഇ.വി.സി.എസ്. സ്റ്റേഷനുകള്‍ എവിടെയുണ്ടെന്ന് ഡ്രൈവറെ അറിയിക്കാനുള്ള ആപ്പ് തയ്യാറായി. evcs location app പ്ലേ സ്റ്റോറില്‍ ലഭിക്കും. എല്ലാ ജില്ലകളിലും ദേശീയപാതയില്‍ ഒന്ന് എന്ന രീതിയില്‍ ഇ.വി.സി.എസ്. പൂര്‍ത്തിയാകുമ്പോള്‍ ഇത് ഉപയോഗിക്കാം.

ഒരു രൂപയ്ക്ക് ഒന്നര കിലോമീറ്റര്‍

ഒരു രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒന്നര കിലോമീറ്റര്‍ കാര്‍ ഓടിക്കാം. ഇപ്പോള്‍ നിരത്തിലുള്ള സാധാരണ ഇലക്ട്രിക് കാറിന്റെ ബാറ്ററി ശേഷി 11 മുതല്‍ 16 കിലോവാട്ട് അവര്‍ (KWH) ആണ്. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്ററിലേറെ ഓടിക്കാം. ബാറ്ററി ശേഷി ഉയര്‍ന്ന കാറുകള്‍ക്ക് 300 കിലോമീറ്ററിലേറെ ലഭിക്കും.

ഒരു ഇ.വി.സി.എസിന് 20 മുതല്‍ 30 ലക്ഷം രൂപ വരെയാണ് ചെലവ്. ചാര്‍ജിങ് മൊഡ്യൂളിന്റെ കിലോവാട്ട് ശേഷിക്കനുസരിച്ച് ഇതില്‍ വ്യത്യാസം വരും. 'മാസ്-ടെക് കണ്‍ട്രോള്‍സ്' എന്ന സ്ഥാപനത്തിനാണ് കരാര്‍.

സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന സ്വകാര്യ സ്ഥലങ്ങളെക്കുറിച്ചുള്ള നടപടിക്രമങ്ങള്‍, സാങ്കേതിക തടസ്സങ്ങള്‍ എന്നിവയില്‍ പരിഹാരം കാണാന്‍ ബോര്‍ഡ് 18-ന് യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 28 ഇ.വി.സി.എസുകളും കേന്ദ്ര പദ്ധതിപ്രകാരം അഞ്ചെണ്ണവുമാണ് കൊച്ചിയില്‍ വരിക.