അരൂർ: ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ കാക്കത്തുരുത്ത് ദ്വീപിലെ നിർമാണപ്രവർത്തനങ്ങൾ സ്തംഭിക്കുന്നു. തുരുത്തിലേക്ക് നിർമാണസാമഗ്രികൾ എത്തിക്കേണ്ടതിനു വേണ്ടിവരുന്ന ചെലവ് വർധിച്ചതോടെയാണ് പൊതുമരാമത്തിന്റെ പ്രവർത്തനങ്ങൾ പോലും തടസ്സപ്പെട്ടിരിക്കുന്നത്.

തുരുത്തിലേക്കുള്ള പാലംപണി തുടക്കത്തിൽ തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്. പാലം പണി പൂർത്തിയാക്കാൻ വീണ്ടും തുക വകയിരുത്തിയെങ്കിലും തുടർപ്രവർത്തനങ്ങൾ ഒരിടത്തുമെത്തിയില്ല. തുരുത്തിലേക്ക് നിർമാണസാമഗ്രികൾ കൊണ്ടുപോകണമെങ്കിൽ ചെറുവള്ളങ്ങൾ മാത്രമാണാശ്രയം. തുരുത്തിലാകട്ടെ നല്ലറോഡോ നടപ്പാതകളോ ഇല്ല. നിർമാണസാമഗ്രികൾ എത്തിക്കാൻ ചെലവുകൂടുന്നതിന് ഇതാണ് കാരണം.

തുരുത്തിലെ റോഡിനായി കെ.സി. വേണുഗോപാൽ 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും പണികൾ ഏറ്റെടുക്കാൻ കരാർ സംഘങ്ങൾ തയ്യാറാകുന്നില്ല. അധികച്ചെലവ് പേടിച്ച് ഇത്തരത്തിൽ വികസനപ്രവർത്തനങ്ങൾ തുരുത്തിൽ നിന്ന് ഒഴിഞ്ഞുപോകുകയാണെന്നും ദ്വീപ്‌നിവാസികൾ പറയുന്നു. ടൂറിസം വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദസഞ്ചാര വികസനത്തിനായി തുക വകയിരുത്തിയിട്ടുണ്ട്.

എഴുപന്ന പഞ്ചായത്ത്, പട്ടികജാതി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ടൂറിസം വികസനത്തിനായി ധാരാളം പദ്ധതികൾ രൂപപ്പെടുത്തി. വിനോദസഞ്ചാരികളെ ആകർഷിക്കാൻ രണ്ട് ശിക്കാരവള്ളങ്ങളും നീറ്റിലിറക്കി. എന്നാൽ തുരുത്തിനുള്ളിൽ ചെറു റിസോർട്ടുകളും ഹട്ടുകളും നിർമിക്കാനുള്ള പദ്ധതികൾ ഇനിയും സാക്ഷാത്കരിച്ചിട്ടില്ല.

ദ്വീപിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്‌പെഷ്യൽ കൺവേയൻസ് ചാർജ് അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി ധനമന്ത്രിക്ക് നിവേദനം നൽകിയതായും എം.എൽ.എ. അറിയിച്ചു.