ചോറ്റാനിക്കര: തിരുവാതിരയുടെ ഭാഗമായി ചോറ്റാനിക്കര എൻ.എസ്.എസ്. വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ പൂത്തിരുവാതിര ആഘോഷിച്ചു. പാലക്കൊമ്പ് പ്രതിഷ്ഠിച്ച് നിലവിളക്ക് കൊളുത്തി അടയ്ക്കാമണിയൻ, ചെത്തിക്കൊടിവേലി, ദശപുഷ്പം, അഷ്ടമംഗല്യം എന്നിവ സമർപ്പിച്ച് യുവതികൾ പൂജിക്കുന്നു. ഈ സമയം വഞ്ചിപ്പാട്ട് പാടി മുതിർന്നവർ താളമിട്ട് വായ്ക്കുരവയും ആർപ്പുവിളികളുമായി നാലുദിക്കിലും പൂജിച്ചശേഷം യുവതികൾ പൂ ചൂടുന്നതാണ് ചടങ്ങ്. ഏഴ്‌ യുവതികളാണ് പൂ ചൂടിയത്. പുലർച്ചെ രണ്ടുമണിയോടെയാണ് ചടങ്ങുകൾ നടന്നത്. തുടർന്ന് വിവിധ പാട്ടുകളുമായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ഒത്തുകൂടി.