കൊച്ചി: ആവശ്യമായ പരിശോധനകൾ നടത്താതെ അടുത്തിടെ കൊച്ചിയിലെത്തിയത് നാലുകണ്ടെയ്‌നർ കളിപ്പാട്ടങ്ങളെന്ന് കസ്റ്റംസിനു ബോധ്യപ്പെട്ടു. തൃശ്ശൂരിലേക്ക് കടൽമാർഗം കൊണ്ടുവന്ന രണ്ടുകണ്ടെയ്‌നറുകൾ രണ്ടാഴ്ചമുന്പാണ് പിടിച്ചത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് മുന്പും രണ്ടുകണ്ടെയ്‌നറുകളിലായി കളിപ്പാട്ടങ്ങൾ പരിശോധനയില്ലാതെ ഇവിടെയെത്തിയതായി വ്യക്തമായത്. കുറഞ്ഞത് 80 ലക്ഷം രൂപയുടെ കളിക്കോപ്പുകളാണിവയെന്നു വിലയിരുത്തുന്നു.

ഇന്ത്യൻവിപണിയിലുള്ള ചൈനീസ് കളിപ്പാട്ടങ്ങൾ പകുതിയിലധികവും അപകടകരമാണെന്ന റിപ്പോർട്ടുകളെത്തുടർന്ന് അവിടെനിന്ന് ഇറക്കുമതിചെയ്യുന്ന എല്ലാ കളിപ്പാട്ടങ്ങളും ഫൊറൻസിക് പരിശോധന നിർബന്ധമാക്കിയിരുന്നു. ഡിസംബർ രണ്ടുമുതലാണ് ഇത് നിലവിൽവന്നത്.

ഇറക്കുമതി ചെയ്യപ്പെടുന്ന കളിപ്പാട്ടങ്ങളുടെ സാമ്പിളുകൾ ലാബിലേക്കയച്ച് അപകടകരമല്ലെന്ന് തെളിഞ്ഞാൽ മാത്രമേ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കൂ. സർക്കാർ അംഗീകരിച്ച ലാബുകളിൽ നടക്കുന്ന പരിശോധനയ്ക്കുമാത്രമേ അംഗീകാരമുള്ളൂ. എന്നാൽ, ഫലം കിട്ടാൻ രണ്ടുമാസത്തോളമാകും.

ലക്ഷക്കണക്കിനു രൂപ മുതൽമുടക്കി ഇറക്കുമതി ചെയ്യുന്നവർക്ക് ഇത്തരത്തിലുള്ള താമസം സഹിക്കാൻ ബുദ്ധിമുട്ടാണ്. ഈ പ്രതിസന്ധി മറികടക്കാൻ ഡിസംബർ രണ്ടിനുമുന്പായി കളിപ്പാട്ടങ്ങൾ കപ്പലിൽ കയറ്റിയെന്ന വ്യാജരേഖയുണ്ടാക്കും. തുടർന്നാണ് കടത്ത് നടത്തുന്നത്. കൊച്ചിയിലേക്കു കൊണ്ടുവന്ന നാലു കണ്ടെയ്‌നറുകളിലെയും കളിപ്പാട്ടങ്ങളുടെ രേഖകൾ ഇങ്ങനെ സംഘടിപ്പിച്ചവയാണെന്നു വ്യക്തമായിട്ടുണ്ട്. ഏജൻസിയുടെ സംഭരണകേന്ദ്രം പൂട്ടി സീൽവെച്ചു.

രേഖകളെക്കുറിച്ച് വിശദപരിശോധന നടക്കുകയാണ്. കളിപ്പാട്ടങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഫലം കിട്ടിയാലേ തുടർനടപടി സ്വീകരിക്കാനാകൂ എന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്. ഉപയോഗിക്കാവുന്നവയാണെന്നു തെളിഞ്ഞാൽ നിയമപ്രകാരമുള്ള പിഴചുമത്തി വിട്ടുനൽകും. പരിശോധനയിൽ പരാജയപ്പെട്ടാൽ നിയമപരമായ പിഴ ചുമത്തിയശേഷം വസ്തുക്കൾ കൊണ്ടുവന്ന സ്ഥലത്തേക്ക് മടക്കി അയക്കും.