ചെറായി: എടവനക്കാട് അണിയൽ കിഴക്കുഭാഗത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച രാത്രിയോടെ അണിയൽ കിഴക്കുഭാഗത്തുകൂടി സംസ്ഥാനപാതയ്ക്ക് സമാന്തരമായി പോകുന്ന റോഡിലൂടെ തയ്യെഴുത്ത് ഭാഗത്തേക്ക് ബൈക്കിൽ യാത്രചെയ്തിരുന്ന കുടുംബമാണ് റോഡിനു കുറുകെ ഇഴഞ്ഞു പോകുകയായിരുന്ന മലമ്പാമ്പിനെ ആദ്യം കണ്ടത്. ഇവർ ബഹളം വച്ച് സമീപവാസികളെ വിളിച്ചുവരുത്തുകയായിരുന്നു.

തൊട്ടടുത്ത വീട്ടുപറമ്പിലേക്ക് ഇഴഞ്ഞുകയറിയ മലമ്പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയും ഉടൻ വനംവകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മലമ്പാമ്പിനെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. തുടർന്ന് കോടനാട് നിന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥർ എത്തി പാമ്പിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റി.

ഏതാണ്ട് അഞ്ചുവയസ്സുള്ള മലമ്പാമ്പിന് മുപ്പത് കിലോ തൂക്കവും എട്ടടിയിലേറെ നീളവുമുണ്ട്. രണ്ടു മാസത്തിനുള്ളിൽ നൂറിലധികം മലമ്പാമ്പുകളെയാണ് വനംവകുപ്പ് ജില്ലയിൽ നിന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.