ചെറായി: ഓർത്തഡോക്സ് സഭാ വിശ്വാസികളും യാക്കോബായ സഭാ വിശ്വാസികളും തമ്മിലുണ്ടായ തർക്കംമൂലം ചെറായി സെയ്ന്റ്‌ മേരീസ് വലിയ പള്ളിയിൽ കുർബാന മുടങ്ങി. ഞായറാഴ്ച രാവിലെയാണ്‌ സംഭവം.

രാവിലെ 7 മുതൽ 8.30 വരെ ഓർത്തഡോക്സ്‌ വിശ്വാസികൾക്കും 9 മുതൽ 10.30 വരെ യാക്കോബായ വിശ്വാസികൾക്കും കുർബാന അർപ്പിക്കാനുള്ള സമയമാണ്. എന്നാൽ, ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾക്ക് 7 മണിക്ക് തുറന്നുകൊടുക്കേണ്ട പള്ളി യാക്കോബായ വിഭാഗം കൃത്യസമയത്ത് തുറന്നുകൊടുത്തില്ല എന്ന പരാതിയോടെയാണ് സംഘർഷം തുടങ്ങിയത്.

പിന്നീട് ഓർത്തഡോക്സ്‌ വിഭാഗം യാക്കോബായ വിഭാഗത്തിൽനിന്ന്‌ വാങ്ങിയ താക്കോൽ ഓർത്തഡോക്സ് സഭക്കാരുടെ കൈയിലാണ്. ഇതിനു മുൻപ് മൂന്ന്‌ പ്രാവശ്യം കുർബാന മുടങ്ങിയതായി ഓർത്തഡോക്സ് വിഭാഗം ഫാ. ടൂബി ബേബി പറഞ്ഞു.

അതേസമയം പള്ളി തുറന്നുകൊടുക്കുന്നതിൽ അമാന്തമോ വീഴ്ചയോ വരുത്തിയിട്ടില്ലെന്ന് യാക്കോബായ വിഭാഗം സഭാംഗം പീറ്റർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഓർത്തഡോക്സ് സഭാ വികാരി ടൂബി ബേബി പോലീസിനെ അറിയിക്കുകയും മുനമ്പം പോലീസ് ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ്‌ സംഘവും തഹസിൽദാർ തോമസും സംഭവസ്ഥലത്തെത്തി. ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും പള്ളി തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞില്ല.

ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സബ് കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ തീരുമാനമായിട്ടുണ്ടെന്ന്‌ ഓർത്തഡോക്സ് വിഭാഗം അറിയിച്ചു.