ചെറായി: അണിയൽ കടപ്പുറത്ത് എം.എൽ.എ.യുടെ നിയോജകമണ്ഡല ആസ്തിവികസന സ്കീമിൽ നിന്നുള്ള ഫണ്ട് പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പുലിമുട്ട് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉറപ്പുനൽകി. കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് പുലിമുട്ട് നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്. ശർമ എം.എൽ.എ. സർക്കാറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. അണിയലിൽ ജലവിഭവ വകുപ്പ് നിർമിക്കുന്ന രണ്ടാമത്തെ പുലിമുട്ടിനുള്ള ധനാനുമതിയും ഉടൻ നൽകി പ്രവൃത്തി ടെൻഡർ ചെയ്യുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ഇതോടൊപ്പം അണിയൽ തീരത്ത് നാല് പുതിയ പുലിമുട്ടുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി നിർദേശം നൽകി. ഇതോടൊപ്പം പഴങ്ങാട് ഭാഗത്ത് മെയിന്റനൻസ് ആവശ്യമുള്ള 110 മീറ്റർ കടൽഭിത്തിയുടെ എസ്റ്റിമേറ്റും അണിയലിൽ 500 മീറ്റർ കടൽഭിത്തിയുടെ എസ്റ്റിമേറ്റും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. അതേസമയം, അനുമതി കിട്ടിയിട്ടുള്ളതും ടെൻഡർ ചെയ്തതുമായ 150 മീറ്റർ കടൽഭിത്തി മെയിന്റനൻസ് പ്രവൃത്തിയുടെ കരാർ ആരും ഏറ്റെടുത്തിട്ടില്ലെന്ന് അസി. എൻജിനീയർ യോഗത്തിൽ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആർ.എം.പി. തോട്, വേലൻ തോട് എന്നിവയുടെ നവീകരണ പ്രവൃത്തികൾക്ക് പണം അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
രണ്ടുമാസം കൊണ്ട് പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി. പ്രദേശവാസികൾ ഉന്നയിച്ച വിവിധ തോടുകളുടെ നവീകരണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നേരത്തെതന്നെ നിർദേശം നൽകിയിരുന്നതായും ഇതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനായി ശനിയാഴ്ച ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചിട്ടുള്ളതായും എം.എൽ.എ. അറിയിച്ചു. ദുരന്തനിവാരണ ഫണ്ടിൽനിന്ന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടുള്ളതായും എം.എൽ.എ. വ്യക്തമാക്കി. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. ശർമ എം.എൽ.എ., ചീഫ് എൻജിനീയർ, വകുപ്പുതല ഉദ്യോഗസ്ഥർ, എടവനക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര, അംഗം പി.കെ. നടേശൻ, അണിയൽ പ്രദേശവാസികളായ സജു എം.ബി., വിനോദ് പോണത്ത്, നായരമ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു എന്നിവരും സന്നിഹിതരായിരുന്നു.