ചെറായി : ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനും ഓൺലൈൻ അഡ്മിഷനുമായി ബന്ധപ്പെട്ട സഹായങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിനുമായി കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) വൈപ്പിൻ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചു. ഉപജില്ലാതല ഉദ്‌ഘാടനം ചെറായി സഹോദരൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.കെ. ഗീത നിർവഹിച്ചു. വൈപ്പിൻ ബി.ആർ.സി.യിൽ ജില്ലാ പ്രോജക്ട് ഓഫീസർ മഞ്ജു പി.കെ. ഉദ്‌ഘാടനം നടത്തി. ബിന്ദു പി.ബി., ബൈന കെ.എം., കെ.ടി. പോൾ, കെ.എസ്. ദിവ്യരാജ്, ടി.എ. ബാബുരാജ് എന്നിവർ നേതൃത്വം നൽകി.