ചെറായി : കേരളതീരത്ത് വെള്ളിയാഴ്ച അർധരാത്രിക്ക്‌ ശേഷം ട്രോളിങ്‌ നിരോധന കാലാവധി തീരുന്ന സാഹചര്യത്തിൽ ചട്ടങ്ങൾക്ക്‌ അനുസൃതമായി മത്സ്യബന്ധന ബോട്ടുകളെ കടലിൽ പോകാൻ അനുവദിക്കണമെന്ന് മുനമ്പം-വൈപ്പിൻ മത്സ്യമേഖലാ സംരക്ഷണ സമിതിയും മുനമ്പം ട്രോൾനെറ്റ് ബോട്ട് ഓണേഴ്‌സ് ആൻഡ്‌ ഓർഗനൈസേഷനും സംയുക്തമായി ആവശ്യപ്പെട്ടു. ഇതിന്‌ മുന്നോടിയായി മുനമ്പം കാളമുക്ക് മേഖലയിൽ നിർത്തിവെച്ചിരിക്കുന്ന ഹാർബറുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനത്തെ തുടർന്ന് മത്സ്യബന്ധന ബോട്ടുകൾ പലതും കഴിഞ്ഞ ആറ്‌്‌ മാസത്തോളമായി കരയിൽ കെട്ടിയിട്ടിരിക്കുന്ന സാഹചര്യത്തിൽ തീരദേശമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു മാസത്തെ റേഷൻ സൗജന്യമായി ലഭിച്ചതുകൊണ്ടുമാത്രം തീരദേശത്തെ പട്ടിണിക്കും ഇവരുടെ ആവശ്യങ്ങൾക്കും അറുതിയാവില്ല.

മത്സ്യബന്ധനം നിലച്ചതോടെ വൈപ്പിനിലെ വ്യാപാരശാലകളിലും മറ്റും കച്ചവടം തന്നെ പാടെ നിലച്ചു. മറ്റു പണികൾ ഒന്നുംതന്നെ ഇല്ല. ഇതാകട്ടെ തീരദേശത്തെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയുമാെണന്ന മത്സ്യമേഖലാ സംരക്ഷസമിതി ചെയർമാനും ട്രോൾ നെറ്റ് ബോട്ട് ഓണേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടറിയുമായ പി.പി. ഗിരീഷ് ചൂണ്ടിക്കാട്ടി.

പ്രദേശികമായി ഇപ്പോൾ മത്സ്യബന്ധനത്തിന്‌ പോകുന്ന, പരമ്പരാഗത വള്ളങ്ങളുടെ മത്സ്യങ്ങൾ ഓൺലൈൻ വഴി കച്ചവടക്കാർ വാങ്ങുന്നുണ്ടെങ്കിലും ഇവ പാക്കിങ്‌ നടത്തുന്ന മേഖലകൾ പലതും കണ്ടെയ്‌ൻമെന്റ് സോണിലായതിനാൽ കച്ചവടക്കാർക്ക് വൻ നഷ്ടം സംഭവിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ കാളമുക്ക് മേഖലയിലെ കണ്ടെയ്‌ൻമെന്റ്‌ സോണിൽ കോവിഡ് ചട്ടങ്ങൾക്കനുസൃതമായി മത്സ്യ പാക്കിങ്ങിന്‌ അനുമതി നൽകണമെന്നും ഓൾ കേരള ഫിഷ്‌ മർച്ചന്റ്‌സ് ആൻഡ്‌ കമ്മിഷൻ ഏജന്റ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.പി. രതീഷ് ആവശ്യപ്പെട്ടു.