ചെറായി : കോവിഡിനെ പ്രതിരോധിക്കുന്നകൂട്ടത്തിൽ കോവിഡ് ഡയറിയെന്ന പുതിയൊരു ആശയം സമർപ്പിച്ച് എടവനക്കാട് എസ്‌.ഡി.പി.വൈ. കെ.പി.എം. ഹൈസ്കൂളിലെ വിദ്യാർഥികളുടെ ഷോർട്ട് ഫിലിം. കുട്ടികൾ ഒന്നിച്ചുകൂടാതെ അവരവരുടെ വീടുകളിൽത്തന്നെ രക്ഷിതാക്കളുടെ സഹായത്തോടെയാണ് ഷോർട്ട് ഫിലിമിനായി ഓരോ സീനുകളും ചിത്രീകരിച്ചത്. സ്വന്തം കുടുംബത്തിലെ അംഗങ്ങൾ ഓരോ ദിവസവും എവിടെ പോകുന്നുണ്ടെങ്കിലും അന്നുവൈകീട്ടുതന്നെ അതെല്ലാം കോവിഡ് ഡയറി എന്നപേരിൽ എഴുതി സൂക്ഷിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നിർദേശമുണ്ടായിരുന്നു.

ഓരോ വ്യക്തിയും ഓരോ ദിവസവും ആരൊക്കെയുമായി ഇടപെട്ടു എന്നറിയുന്നതുപോലും കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതായതിനാൽ ബഹുഭൂരിപക്ഷം കേഡറ്റുകളും കോവിഡ് ഡയറി എഴുതിത്തുടങ്ങി. ഇതിന്റെ ചുവടുപിടിച്ചാണ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ എം.ആർ. ആവിഷ് കൃഷ്ണ ഷോർട്ട് ഫിലിം എന്ന ആശയവുമായി കൂട്ടുകാരുമായി ബന്ധപ്പെട്ടത്.

രക്ഷാകർത്താക്കളുടെ അനുമതി കിട്ടിയതോടെ എല്ലാവരും ഉഷാറായി. തുടർന്ന്, ഓരോ ഭാഗവും കൂട്ടുകാർക്ക് വിശദീകരിച്ചുനൽകുകയും അവരോട് കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി രംഗങ്ങൾ റെക്കോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ പല വീടുകളിലായി പോലീസ് സ്റ്റേഷൻ അടക്കമുള്ള രംഗങ്ങൾ ചിത്രീകരിച്ചു.

ആവിഷ്‌ കൃഷ്ണയുടെ അമ്മ ഷൈജിയാണ് സാങ്കേതിക സഹായം നൽകിയത്. ക്വാറന്റീനിലായിരുന്ന രാഘവൻ സുഹൃത്തുക്കളോടൊപ്പം ഒത്തുകൂടിയതും അതിനെത്തുടർന്നുണ്ടായ ആശങ്കകൾ പരിഹരിക്കാൻ സുഹൃത്തിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റായ മകൾ എഴുതിവെച്ച കോവിഡ് ഡയറി ഉപകാരപ്പെടുന്നതുമാണ് കഥ.

ആവിഷ്‌ കൃഷ്ണ, പാർവതി അഭിലാഷ്, പി.എ. ആഷ്‌ന, അശോക് ലീഷ്, എ.എ. ആദിൽ, എ.എ. അൽ അമീൻ എന്നിവരാണ് അഭിനേതാക്കൾ. കോവിഡ്കാലത്തെ വിരസതകൾ അകറ്റാൻ ഇനിയും ഷോർട്ട് ഫിലിമുകൾ ചെയ്യാനാണ് കുട്ടികളുടെ ആലോചന.