ചെറായി : പള്ളിപ്പുറം പഞ്ചായത്ത്‌ അഞ്ചാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുനമ്പം പോലീസ് വാർഡിലെ റോഡുകൾ അടച്ചുകെട്ടി.

ഈ വാർഡിലെ ഒരു വീട്ടിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.

സംസ്ഥാനപാതയിൽ നിന്നുള്ള മഞ്ഞുമാതാ പള്ളി റോഡും മുനമ്പം പോലീസ് സ്റ്റേഷന്‌ തെക്കുഭാഗത്തു കൂടി സംസ്ഥാനപാതയ്ക്ക് സമാന്തരമായി പോകുന്ന റോഡിന്റെ രണ്ട് ഭാഗങ്ങളും അടച്ചുകെട്ടിയിട്ടുണ്ട്.

പള്ളിപ്പുറം സ്വപ്ന തിയേറ്റർ മുതൽ തെക്കോട്ട് കോൺവെന്റ് കവല വരെ സംസ്ഥാനപാതയുടെ കിഴക്കുഭാഗമാണ് അഞ്ചാം വാർഡ്. പടിഞ്ഞാറുഭാഗവും ഇതിൽ പെടുമെങ്കിലും സംസ്ഥാനപാതയ്ക്ക് പടിഞ്ഞാറ്്‌ നിയന്ത്രണമില്ല. അത്യാവശ്യ സർവീസുകൾക്ക് കോൺവെന്റ് റോഡിലൂടെ നിയന്ത്രണവിധേയമായി പ്രവേശനമുണ്ട്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവിന്‌ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതേ തുടർന്ന് കുടുംബാംഗങ്ങളുൾപ്പെടെ ഏഴുപേർ ക്വാറന്റീനിലായിരുന്നു.

തിങ്കളാഴ്ച ഇവരുടെ സ്രവ പരിശോധനാ ഫലം വന്നപ്പോൾ കുടുംബത്തിലെ ഒരു അംഗത്തിന്‌ കൂടി കോവിഡ് പോസിറ്റീവ് ആയി.

ഇതേ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം മുനമ്പം പ്രിൻസിപ്പൽ എസ്‌.ഐ എ.കെ. സുധീർ, എസ്‌.ഐ. വി.ബി. റഷീദ്, എ.എസ്‌.ഐ ടി.എസ്. സിജു,

വാർഡ് മെമ്പർ ചന്ദ്രമതി സുരേന്ദ്രൻ, പ്രഷീല ബാബു എന്നിവർ ചേർന്നാണ് മേൽനടപടികൾ സ്വീകരിച്ചത്.