ചെറായി : കടലും കായലും വറുതിയിലാകുകയും ഒപ്പം, പലയിടത്തും കണ്ടെയ്‌ൻമെന്റ് സോൺ ആയതും ഉപജീവനത്തിന്‌ ഭീഷണിയായപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനത്തിന് ആശ്രയമായത് ഇത്തിളും കക്കയും.

ചെറായി മുതൽ വടക്കോട്ട് മുനമ്പം കടപ്പുറം വരെയുള്ള തീരത്തു നിന്ന്‌ കക്കയും ഇത്തിളും വാരിയാണ് ഈ മേഖലയിലെ വലിയൊരു വിഭാഗം ആളുകളും ഇപ്പോൾ ഉപജീവനം കഴിക്കുന്നതെന്ന് കാഞ്ഞിരത്തിങ്കൽ മാനുവൽ പറഞ്ഞു.

ലോക്ക്ഡൗൺ കാലമായതോടെ മറ്റു പണികളും നിലച്ചപ്പോൾ ഒരുനേരത്തെ അന്നത്തിനായി കുടുംബങ്ങൾ കൂട്ടമായി കടലിൽ ഇറങ്ങുകയായിരുന്നു.

കനത്ത തിരമാലകളെ അവഗണിച്ച് ചെറിയ വട്ടവല ഉപയോഗിച്ചാണ് ഇത്തിളും കക്കയും വാരുന്നത്.

പ്രധാനമായും ഇത്തിളാണ് ലക്ഷ്യം. വേലിയേറ്റ സമയത്താണ് ഇവ വാരാൻ എളുപ്പം. പുലർച്ചെയാണെങ്കിൽ വെയിലിന്റെ കാഠിന്യവും സഹിക്കേണ്ടിവരില്ല.

നാലോ അഞ്ചോ മണിക്കൂറുകൾ കടലിനോട് മല്ലടിച്ച് വാരുന്ന ഇത്തിളുകൾ തീരത്തുതന്നെ ഒരിടത്ത് കൂട്ടുകയാണ് പതിവ്.

ആഴ്ചയിൽ ഒരിക്കൽ ഇതു വാങ്ങാൻ ലോറിയുമായി ആളെത്തും.

പാട്ടയ്ക്ക് 40 രൂപയ്ക്കാണ് ഇത്‌ വിറ്റുപോകുന്നത്. ദിനംപ്രതി 300 മുതൽ 400 രൂപ വരെ ഒരാൾക്ക് ലഭിക്കും.

തമിഴ് നാട്ടിലേക്കാണ് ഇവിടെനിന്ന്‌ ഇത്തിൾ കയറ്റിപ്പോകുന്നത്.