ചെറായി : മഴപെയ്താൽ എടവനക്കാട് പഴങ്ങാട് പടിഞ്ഞാറുള്ള ‘സുനാമി കോളിനി’ നിവാസികൾക്ക് വഴിയിൽനിന്ന് കോളനിവളപ്പിലേക്ക് കയറണമെങ്കിൽ കുറച്ച്‌ കഷ്ടപ്പെടേണ്ടിവരും. കോളനിക്ക് മുന്നിലുള്ള റോഡ് തകർന്ന് വെള്ളക്കെട്ടായിരിക്കുന്നതാണ് കാരണം.

വാച്ചാക്കൽ പടിഞ്ഞാറെ ലെയ്‌നും പഴങ്ങാട് പടിഞ്ഞാറെ ലെയ്‌നും തമ്മിലുള്ള കോൺക്രീറ്റ് ലിങ്ക് റോഡിന്‌ സമീപത്താണ് സുനാമി കോളനി. 160 മീറ്ററോളം വരുന്ന ഈ റോഡ് തകർന്ന് തരിപ്പണമായിട്ട് നാളെറെയായി. ഇതുമൂലം പരിസരത്തുള്ള വീട്ടുകാർക്കും ഇതുവഴി കടന്നുപോകുന്ന മറ്റ് യാത്രക്കാർക്കുമെല്ലാം ദുരിതമാണ്.

12, 13 വാർഡുകളുടെ അതിർത്തി പങ്കിടുന്ന ഭാഗത്താണ് റോഡ്. ഈ സാഹചര്യത്തിൽ രണ്ട് വാർഡ് അംഗങ്ങളും ഇടപെട്ട് വെള്ളക്കെട്ടിന്‌ പരിഹാരം കാണണമെന്ന് കോളനി നിവാസികളും പരിസരവാസികളും ആവശ്യപ്പെട്ടു.