ചെറായി : സ്വന്തമായി ടി.വി. ഇല്ലാത്തതു മൂലം വിദ്യാർഥികൾക്ക് പഠനക്ലാസുകൾ കാണാൻ കഴിയുന്നില്ലെന്ന് കാണിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ സ്കൂൾ അധികൃതർ ടെലിവിഷനുകൾക്കായി അഭ്യർഥന നടത്തിയപ്പോൾ ഒന്നര ദിവസംകൊണ്ട് സ്കൂളിൽ എത്തിയത് 31 ടെലിവിഷനുകൾ.

ജൂൺ ആദ്യവാരത്തോടെ അധ്യാപകരും വിവിധ സംഘടനകളും മുൻകൈയെടുത്ത് ടി.വി. ഇല്ലാത്ത കുട്ടികൾക്ക് അവ ലഭ്യമാക്കിയിരുന്നു. എന്നാൽ, ക്ലാസുകൾ ആരംഭിച്ച് ഒന്നര മാസം പിന്നിട്ടതോടെ മൊബൈൽ ഫോൺ അടക്കമുള്ള മറ്റ് മാർഗങ്ങളിലൂടെ ക്ലാസുകൾ കണ്ടിരുന്ന, വീട്ടിൽ സ്വന്തമായി ടി.വി. ഇല്ലാത്ത കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ സ്കൂൾ അധികൃതർ പൊതു സമൂഹത്തിന്റെ സഹായം തേടുകയായിരുന്നു.

എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്കൂളിന്റേതായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച അഭ്യർത്ഥന ഏറ്റെടുത്ത് വിദേശനാടുകളിൽ ജോലിചെയ്യുന്നവരും പൂർവ വിദ്യാർഥികളും നാട്ടുകാരുമടക്കം പലരും സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടു. പിറ്റേന്ന് ഉച്ചയായപ്പോഴേക്കും 31 ടി.വി.കളാണ് ലഭിച്ചത്.

ഇതോടെ ടെലിവിഷൻ ചാലഞ്ച് അവസാനിപ്പിച്ചതായി സ്കൂൾ വീണ്ടും അറിയിപ്പു നൽകി. എന്നിട്ടും കുട്ടികൾക്ക് പ്രോത്സാഹനമേകാനായി ടെലിവിഷനുകൾക്ക് വാഗ്ദാനം ലഭിച്ചുവെന്ന് ഹെഡ്മിസ്ട്രസ് എ.കെ. ശ്രീകല പറഞ്ഞു. ലഭ്യമായ ടി.വി.കളെല്ലാം അർഹരായ കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് കൈമാറി.

ഹെഡ്മിസ്ട്രസ് എ.കെ. ശ്രീകല വിതരണോദ്‌ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ആന്റണി സാബു, പി.ടി.എ. അംഗങ്ങളായ എ.എ. അബ്ദുൾ ഹക്കീം, കെ.ഐ. ഹരി, എ.ആർ. ഗിരീഷ്, അധ്യാപകരായ സുനിൽ മാത്യു, ടി.എസ്. അരുൺ സ്കൂളിലെ പൂർവ വിദ്യാർഥി സംഘടന ‘ദിശ’യുടെ പ്രതിനിധികളായ എം.ടി. വിനിൽകുമാർ കെ.വി. വിനോദ് എന്നിവർ സംബന്ധിച്ചു.