ചെറായി : ട്രോളിങ്‌ നിരോധനം അവസാനിക്കുന്നതിന്‌ മുന്നോടിയായി മുനമ്പം-മുരുക്കുംപാടം മേഖലകളിൽ എത്താനിരിക്കുന്ന അതിഥി തൊഴിലാളികളെ കോവിഡ് ചട്ടങ്ങൾക്കനുസൃതമായി മത്സ്യബന്ധനത്തിന്‌ പറഞ്ഞുവിടുന്നതിന് എടുക്കേണ്ട നടപടിക്രമങ്ങൾക്ക് ഏകോപനമില്ലെന്ന് ആക്ഷേപം. ഈ മാസം 31-ന് അർധരാത്രിക്ക്‌ ശേഷമാണ് ട്രോളിങ്‌ നിരോധനം പിൻവലിക്കുക.

ഏകദേശം 5,000 അതിഥി തൊഴിലാളികളാണ് തമിഴ്‌നാട്, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി മുനമ്പം -വൈപ്പിൻ മേഖലയിലെ നാല് ഹാർബറുകളിലായി എത്തുന്നതെന്നാണ് കണക്ക്. ഇവരിൽ 70 ശതമാനത്തോളം ആളുകൾ ഇപ്പോൾ മൂന്നാർ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലുമൊക്കെയായി ക്വാറന്റീനിൽ കഴിയുകയാണ്. സാധാരണ 14 ദിവസമാണ് ക്വാറന്റീൻ പറഞ്ഞിരിക്കുന്നത്.

എന്നാൽ, മുരുക്കുംപാടം മത്സ്യബന്ധന മേഖലയിൽ പുതുവൈപ്പിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് 28 ദിവസത്തെ ക്വാറന്റീൻ വേണമെന്നാണ്. അതേസമയം, 14 ദിവസത്തെ ക്വാറന്റീനും അതിനുശേഷം തൊഴിലുടമയുടെ ചെലവിൽ കോവിഡ് ടെസ്റ്റും നടത്തിയതിനുശേഷമേ മത്സ്യബന്ധനത്തിന്‌ പറഞ്ഞുവിടൂ എന്നാണ് പള്ളിപ്പുറത്തെ ആരോഗ്യ പ്രവർത്തകരും പഞ്ചായത്തും പറയുന്നത്. പള്ളിപ്പുറത്തെ സർവകക്ഷിയോഗത്തിലെ തീരുമാനമാണിത്.

എന്നാൽ, ഇത് സംബന്ധിച്ച് ഫിഷറീസ് ഉദ്യോഗസ്ഥർക്കോ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കോ ജില്ലാതലത്തിൽനിന്ന്‌ യാതൊരു നിർദേശങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിവ്. ഈ സാഹചര്യത്തിൽ ഇപ്പോൾ തൊഴിലുടമകൾക്കിടയിലും ആശയക്കുഴപ്പമുണ്ട്. അതേസമയം, നടപടിക്രമങ്ങൾക്ക് ഏകോപനമില്ലെങ്കിൽ അവസാനനിമിഷത്തിലെ തിരക്കിനിടയിൽ കോവിഡ് നിയന്ത്രണച്ചട്ടങ്ങളെല്ലാം എത്രത്തോളം പാലിക്കപ്പെടുമെന്നതിൽ നാട്ടുകാർക്കിടയിൽ ആശങ്കയുണ്ട്.

നിലവിൽ അടച്ചിട്ടിട്ടുള്ള മത്സ്യബന്ധന ഹാർബറുകൾ പ്രവർത്തനം തുടങ്ങിയാൽ 31-ന് രാത്രി 12 മണിക്ക് ശേഷം ബോട്ടുകൾ കടലിലേക്ക് പോകും. ഇതിനു മുന്നോടിയായി 14 ദിവസത്തെ ക്വാറന്റീനിൽ കഴിയുന്ന അതിഥി തൊഴിലാളികൾ മൂന്നുദിവസത്തിന്‌ മുൻപേ ഒരുക്കങ്ങൾക്കായി ഹാർബർ മേഖലയിൽ എത്തിച്ചേരും.

നാട്ടുകാരായ തൊഴിലാളികളെ അപേക്ഷിച്ച് മാസ്ക് ഉപയോഗിക്കാതിരിക്കുന്നതും, സാമൂഹ്യ അകലം പാലിക്കാതെ കൂട്ടംകൂടലുമെല്ലാം അതിഥി തൊഴിലാളികളുടെ പതിവായതിനാൽ ഇക്കാര്യത്തിൽ വ്യക്തമായ നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.