ചെറായി : മുനമ്പം പോലീസ് സ്റ്റേഷൻ ഇനി ശിശുസൗഹൃദ പോലീസ്‌സ്റ്റേഷനുംകൂടിയാകും. സ്റ്റേഷൻ വളപ്പിൽ പണിതീർത്ത ശിശുസൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.ജി.പി. ലോക്നാഥ് െബഹ്‌റ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസത്തോടെയും ഭയാശങ്കകൾ ഇല്ലാതെയും സമീപിക്കാവുന്ന സൗഹൃദകേന്ദ്രങ്ങളായി പോലീസ് സ്റ്റേഷനുകളെ മാറ്റുക എന്നതാണ് ലക്ഷ്യം. റൂറൽ ജില്ലയിൽ മൂന്ന്‌ സബ് ഡിവിഷനുകളിലായി മൂവാറ്റുപുഴ, കുറുപ്പംപടി, കുന്നത്തുനാട്, അങ്കമാലി, മുനമ്പം, പുത്തൻകുരിശ് എന്നീ സ്റ്റേഷനുകളിൽക്കൂടി ബുധനാഴ്ച ശിശുസൗഹൃദ സേവനകേന്ദ്രങ്ങൾ തുറന്നു. മുനമ്പം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വാർഡ്‌ മെമ്പർ മേരി ഷൈനി നാടമുറിച്ച് പ്രവേശനം നടത്തി. എസ്‌.ഐ. എ.കെ. സുധീർ ശിലാഫലകം അനാച്ഛാദനം ചെയ്തു.