ചെറായി : എടവനക്കാട് പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലകളിൽ രണ്ടാഴ്ചയിലേറെയായി കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച്, കുടിവെള്ളം നൽകണമെന്ന് ആവശ്യപ്പെട്ട് പറവൂർ ജല അതോറിറ്റി എൻജിനീയർക്ക്‌ മുന്നിൽ കോൺഗ്രസ് കലം കമിഴ്‌ത്തി പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ്, ടി.എ. ജോസഫ്, മുസ്‌ലിം ലീഗ് നേതാവ് ഇ.കെ. അഷറഫ്, പഞ്ചായത്തംഗങ്ങളായ അഡ്വ. ഷെറി വഹാബ്, അസീന അബ്ദുൽ സലാം, ട്രീസ ക്ലീറ്റസ് എന്നിവർ പങ്കെടുത്തു.

മൂന്ന് ദിവസത്തിനുള്ളിൽ തകരാറുകൾ പരിഹരിച്ച് കുടിവെള്ളം എത്തിക്കാമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ എഴുതി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു. എടവനക്കാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും പഴങ്ങാട് പാലത്തിന് സമീപം കുടിവെള്ള പൈപ്പ് താങ്ങിനിൽക്കുന്ന പുനഃസ്ഥാപിച്ച് പൈപ്പിന്റെ ബലക്ഷയം പരിഹരിക്കണമെന്നും ആവിശ്യപ്പെട്ട് മുസ്‌ലിം ലീഗ് എടവനക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പറവൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ്‌ എൻജിനീയർ മേരി ഷീബയ്ക്ക് നിവേദനം നൽകി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അഷ്‌റഫ്, എ.എ. സുധീർ, വാർഡ് മെമ്പർ അറ്. ഷെറി വഹാബ്, എ.എം. സിദ്ദിഖ് എന്നിവർ സംബന്ധിച്ചു.